കാലാവസ്ഥാ വ്യതിയാനത്തിന്‍റെ രൂക്ഷ ഫലങ്ങൾ ലോകത്തെ വലയ്‌ക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ നടപടികൾ അതിവേഗത്തില്‍ നടപ്പിലാക്കേണ്ടതുണ്ട്. നിരവധി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിക്കുകയാണ് പാരിസ്ഥിതിക പ്രതിസന്ധി. ഈ സാഹചര്യത്തിൽ 2020 ലെ കേന്ദ്ര ബജറ്റിൽ പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ 4400 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.
പാരിസ് കരാർ നടപ്പിലാക്കുന്നതിന് വേണ്ടി രാജ്യം തയ്യാറെടുക്കുമ്പോഴാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. മലിനീകരണം ഏറ്റവും അധികം കാണപ്പെടുന്ന നഗരങ്ങളിൽ വഷളായി കൊണ്ടിരിക്കുന്ന വായു നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ബജറ്റ് ഊന്നൽ നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ വടക്കൻ സംസ്ഥാനങ്ങളിലെയും തെക്കൻ സംസ്ഥാനങ്ങളിലെയും വായു മലിനീകരണം എത്രത്തോളം ഗുരുതരമായിരിക്കുന്നു എന്നത് വായു നിലവാര സൂചിക കാണിച്ചു തരുന്നു.
ശീതകാലം ആരംഭിച്ചതോടെ പുക മഞ്ഞോടു കൂടിയുള്ള വായു മലിനീകരണം ഇന്ത്യൻ നഗരങ്ങളെ ശ്വാസം മുട്ടിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളുള്ള പശ്ചാത്തലത്തിൽ സമഗ്രമായ ഒരു തന്ത്രം നടപ്പിലാക്കികൊണ്ട് മലിനീകരണം തടയുന്നതിനും ശുദ്ധവായു ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുകയാണ് കേന്ദ്രസർക്കാർ. പാരിസ്ഥിതിക സംരക്ഷണത്തിലേക്കുള്ള ഒരു നിർണായക ചുവടുവെയ്പ്പായി ഇതിനെ കാണാവുന്നതാണ്. പരിസ്ഥിതി, വനം എന്നീ മേഖലകളുടെ ചുമതല കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനാണ് കൈമാറിയിരിക്കുന്നത്. ഏറ്റവും പുതിയ കേന്ദ്ര ബജറ്റിൽ മലിനീകരണ നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിനായി ഈ മന്ത്രാലയത്തിന് 460 കോടി രൂപ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്നു.
ദേശീയ ശുദ്ധ വായു പദ്ധതിയുടെ ഭാഗമായുള്ള പരിപാടികൾ നടപ്പിലാക്കുന്നതിനാണ് ഈ ബജറ്റ് തുക വിനിയോഗിക്കുക. ദേശീയ ഹരിത മിഷന് 311 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യത്തെ വനമേഖല വികസിപ്പിക്കുന്നതിനായി ഇതിൽ നിന്നും 246 കോടി രൂപ നീക്കി വെക്കും. അതിവേഗം നടന്നു കൊണ്ടിരിക്കുന്ന നഗരവൽക്കരണവും വ്യവസായവൽക്കരണവും കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന വിനാശകരമായ കാട്ടുതീ എന്നിവ മൂലവും രാജ്യത്തെ വന മേഖല അതിവേഗം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കാട്ടുതീ തടയുന്നതിനും നിയന്ത്രിക്കുന്നതിനും മാത്രമായി 50 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.
ഗ്രീൻപീസ് സൗത്ത് ഏഷ്യ ഈ അടുത്ത കാലത്ത് നടത്തിയ പഠന പ്രകാരം വായു മലിനീകരണം മൂലം ഇന്ത്യയിൽ ഒരു വർഷം 10 ലക്ഷം ജീവനുകൾ നഷ്‌ടപ്പെടുന്നു എന്നാണ് കണക്ക്. ജൈവ ഇന്ധനം കത്തിച്ചുണ്ടാകുന്ന പുക അന്തരീക്ഷത്തിൽ നിറയുന്നതിന്റെ ഫലമായി ഒരു വർഷം ഇന്ത്യയിൽ 9.80 ലക്ഷം കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നതായും ഈ പഠനം വെളിവാക്കുന്നു. കാർബൺ പുറത്തുവിടുന്നത് മൂലമുള്ള മലിനീകരണത്തിന്റെ കാര്യത്തിൽ ലോക രാഷ്‌ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്. നിലവിലെ സ്ഥിതിഗതികൾ എത്രത്തോളം ഗുരുതരമാണെന്ന് ഈ വസ്‌തുത തെളിയിക്കുന്നു. മലിനീകരണം മൂലം ഉണ്ടാകുന്ന വാർഷിക നഷ്‌ടം മൊത്തം ജിഡിപി യുടെ 5.4 ശതമാനത്തിന് തുല്യമാണ്. നാട്ടിൽ നടക്കുന്ന എട്ട് മരണങ്ങളിൽ ഒന്ന് വായുമലിനീകരണം മൂലം ഉണ്ടാകുന്നതാണെന്നാണ് കണ്ടെത്തൽ.
നിലവിലെയും മുൻ കാലങ്ങളിലേയും സർക്കാരുകൾ കൈകൊണ്ട നടപടികൾ കണക്കിലെടുക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രതിസന്ധിയും എല്ലാം ഒട്ടും തന്നെ പരിഗണിക്കപ്പെടുകയോ അല്ലെങ്കിൽ അവയെ കുറിച്ച് മനസിലാക്കാൻ ശ്രമിക്കാതിരിക്കുകയോ ചെയ്യുന്നു എന്നുള്ള കാര്യം വ്യക്തമാണ്. പരിസ്ഥിതിയുടെ കാര്യത്തിൽ ബിസിനസ്, വ്യാപാര, രാഷ്‌ട്രീയ സംഘടനകൾ ഒട്ടും തന്നെ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പറയാം.
ബജറ്റിൽ പരിസ്ഥിതി സംരക്ഷണത്തിനായി തീരെ ചെറിയ തുക നീക്കി വെയ്ക്കുന്നതാണ് വിപരീതമായ കാലാവസ്ഥാ സാഹചര്യങ്ങൾ സൃഷ്‌ടിക്കുന്നതിന് കാരണമാകുന്നത് എന്നൊരു വിമർശനമുണ്ട്. ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം ജനസംഖ്യയുടെ നിരവധി വിഭാഗങ്ങളെ സാരമായി ബാധിച്ചിരിക്കുന്നു. പെട്ടെന്നുള്ള കാറ്റും മഴയും വെള്ളപ്പൊക്കവും ക്ഷാമവും ക്രമം തെറ്റിയുള്ള കാലങ്ങളും ഉയർന്ന അന്തരീക്ഷ താപവും എല്ലാം ഇതിനുള്ള തെളിവുകളാണെന്ന് പറയാം. സ്ഥായിത്വം കൈവരിക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കാർബൺ പുറത്തുവിടൽ പൂർണമായും നിയന്ത്രിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കരാർപ്രകാരം ഇന്ത്യൻ സർക്കാർ തന്ത്രപരമായി മുന്നോട്ട് പോവുകയാണ്. 2021 ജനുവരി ഒന്നോടുകൂടി ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് നീക്കം.
ഇതിന്‍റെ ഭാഗമായി നിലവിലുള്ള കാർബൺ നിയന്ത്രണ നിലവാരം നടപ്പിലാക്കാത്ത താപ വൈദ്യുത നിലയങ്ങൾ അടച്ചു പൂട്ടാൻ തീരുമാനിച്ചിരിക്കുന്നു. ജനസംഖ്യയുടെ 70 ശതമാനം പേരും തൊഴിലെടുക്കുന്ന കാർഷിക മേഖലയിൽ ജൈവ ഇന്ധനത്തിന്റെ ഉപയോഗം ഒഴിവാക്കി ബദൽ ഊർജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പി എം കുസും യോജന ദേശ വ്യാപകമായി നടപ്പാക്കാൻ പോകുകയാണ്. രാജ്യത്തുടനീളം 35 ലക്ഷം സോളാർപമ്പ് സെറ്റുകളിലേക്ക് മാറാൻ പോവുകയാണ് കർഷകർ എന്നുള്ളത് സ്വാഗതം ചെയ്യാവുന്ന ഒരു നീക്കമാണ്. ഉപയോഗിക്കാത്തതും തരിശായി കിടക്കുന്നതുമായ ഭൂമികളിൽ സോളാർ ഊർജ പ്ലാന്‍റുകൾ സ്ഥാപിക്കുവാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയും അവിടെ ഉൽപാദിപ്പിക്കപ്പെടുന്ന സോളാർ വൈദ്യുതി പൊതു വൈദ്യുതി ഗ്രിഡിലേക്ക് ബന്ധിപ്പിക്കുകയും ചെയ്‌താൽ ഒരു പരിധി വരെ കാർബൺ പുറത്തു വിടുന്നത് നിയന്ത്രിക്കാൻ കഴിയും.
വർധിച്ചുകൊണ്ടിരിക്കുന്ന വായു മലിനീകരണം തടയുന്നതിനു വേണ്ടി രൂപീകരിച്ചിരിക്കുന്ന സമഗ്ര പദ്ധതി ഉടനടി നടപ്പിലാക്കേണ്ടതുണ്ട്. വായു നിലവാര സൂചികയുടെ അടിസ്ഥാനത്തിൽ പഠനത്തിനു വിധേയമാക്കപ്പെട്ട 180 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായിട്ടാണ് ഇന്ത്യയുടെ സ്ഥാനം എന്നതിൽ അശങ്കയുണ്ട്. മറ്റൊരു അന്താരാഷ്‌ട്ര പഠനപ്രകാരം ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട 20 നഗരങ്ങളിൽ 15 നഗരങ്ങളും ഇന്ത്യയിലാണ് ഉള്ളത്.
വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും പുറത്തു വിടുന്ന പുക ആസ്‌ത്‌മയും മറ്റ് നിരവധി ശ്വാസ കോശ രോഗങ്ങളും സൃഷ്‌ടിക്കുന്നു. ഓരോ വർഷവും 3.5 ലക്ഷം കുട്ടികൾസ ആസ്‌ത്‌മ മൂലം ബുദ്ധിമുട്ടുകയാണെങ്കിൽ, മുതിർന്നവരിൽ ശ്വാസകോശ അർബുദവും പക്ഷാഘാതവും വർധിക്കുകയാണ്. ഇത്തരം ബുദ്ധിമുട്ടുകൾക്കെല്ലാം പ്രധാന കാരണം വായു മലിനീകരണമാണ്. കഴിഞ്ഞ അര നൂറ്റാണ്ടായി സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോള താപന വർധന രാജ്യങ്ങൾക്കിടയിൽ അസന്തുലിതാവസ്ഥ വർധിപ്പിക്കുന്നതിന് കാരണമായിരിക്കുന്നു.
സമ്പന്ന രാജ്യങ്ങൾ കൂടുതൽ സമ്പന്നമാകുമ്പോൾ വികസ്വര രാജ്യങ്ങളും അവികസിത രാജ്യങ്ങളും കൂടുതൽ ദരിദ്രരാകുന്നു. കാർബൺ പുറത്തു വിടലും വായു മലിനീകരണവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ലോകത്തെ ഒരു പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് തന്നെ തള്ളി നീക്കി കൊണ്ടിരിക്കുകയാണ്. യുകെയും ന്യൂസിലാന്റും കാനഡയും കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ രാജ്യങ്ങളുടെ യഥാക്രമം 53, 49, 32 ശതമാനം താമസ യോഗ്യമായ മേഖലകളും വായു മലിനീകരണം മൂലം വാസയോഗ്യമല്ലാതായി മാറിയതിനാലാണ് ഇത് സംഭവിക്കുന്നത്.
വായു മലിനീകരണം കണ്ടെത്തുന്നതിനും കാർബൺ പുറത്തുവിടൽ കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ലോക രാജ്യങ്ങൾ ഈ മൂന്ന് രാജ്യങ്ങളുടെ മാതൃക പിന്തുടരേണ്ടതുണ്ട്. വാഹന വ്യവസായ മേഖലയിൽ ജൈവ ഇന്ധനത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഇലക്‌ട്രിക്, സോളാർ വാഹന മേഖലകളിൽ വൻ മുതൽമുടക്കുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആനുകൂല്യങ്ങളും ഇളവുകളും നൽകേണ്ടതുണ്ട്. ഷാങ്ങ്ഹായ്, ലണ്ടൻ, പാരിസ്, മാഡ്രിഡ്, സോൾ തുടങ്ങിയ ജന സാന്ദ്രതയുള്ള നഗരങ്ങൾ പൊതു ഗതാഗത സംവിധാനം വലിയ തോതിൽ നടപ്പിലാക്കി വരുന്നതിനെയും അതുവഴി വായു മലിനീകരണം കുറച്ചു കൊണ്ടു വരുന്നതിനേയും ലോകത്താകമാനമുള്ള വിദഗ്ദർ പ്രകീർത്തിക്കുന്നു. ഈ നഗരങ്ങളുടെ മാതൃക ഇന്ത്യ പിന്തുടരേണ്ടതുണ്ട്. അത് സംഭവിക്കാൻ വേണ്ടി പരിസ്ഥിതിയെ കുറിച്ച് രാജ്യത്തെ പൗരന്മാരും ബോധവാന്മാരാകണം.
അമിതമായ കാർബൺ പുറത്തു വിടൽ നിയന്ത്രിച്ചില്ലെങ്കിൽ അഞ്ചിലൊന്ന് ജീവജാലങ്ങൾ അന്യം നിന്നു പോകുന്ന അപകടകരമായ അവസ്ഥ നേരിടേണ്ടി വരും. നമ്മളായിരിക്കും ഭൂമിയിൽ അവസാനമായി ജീവിച്ച തലമുറ എന്ന് ഇപ്പോൾ തന്നെ വിദഗ്ധർ അഭിപ്രായപ്പെട്ടു കഴിഞ്ഞു. അതിനാൽ ജനസംഖ്യ അന്യം നിന്നു പോകുന്നത് തടയുന്നതിനായി പ്രകൃതി പരിസ്ഥിതി സംരക്ഷണം ജനങ്ങളുടേയും സർക്കാരുകളുടേയും പ്രഥമ പരിഗണന അർഹിക്കുന്ന കാര്യമായി മാറണം. അപ്പോൾ മാത്രമേ മലിനീകരിക്കപ്പെട്ട ഇന്ത്യയെ ഹരിത ഇന്ത്യയായി മാറ്റി മറിക്കുക എന്ന സ്വപ്‌നം സഫലീകരിക്കപ്പെടുകയുള്ളൂ.