കൊൽക്കത്ത: ത്രിണമൂല്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചോര്‍ച്ച ആരോപിച്ച് ഇടതുപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൊല്‍ക്കത്ത ബേല്‍പൂരിലെ കേതുഗ്രാമിലെ പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ വോട്ടിടുന്നത് നിരീക്ഷിക്കാനായി ത്രിണമൂല്‍ പ്രവര്‍ത്തകര്‍ സംവിധാനമൊരുക്കിയിരുന്നതായും ഇത് വഴി വോട്ട് ചോര്‍ച്ച നടത്തിയെമന്നുമാണ് ആരോപണം.
ഏപ്രിൽ 29ന് നടന്ന നാലാംഘട്ട തെരഞ്ഞെടപ്പിലാണ് സംഭവം. കേതുഗ്രാമിലെ അമ്ഗോറിയ ആനന്ദ പ്രസാദ് സ്മൃതി പ്രൈമറി സ്കൂളിലെ 52ാം ബൂത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്കുള്ള രഹസ്യ സംവിധാനം അട്ടിമറിച്ചത്. ബൂത്തിലെ പോളിങ് ഏജന്‍റ് ഓരോ വോട്ടര്‍മാരും വോട്ടിടുന്നത് പ്രത്യേകം നിരീക്ഷിച്ചെന്നും പരാതിയില്‍ പറയുന്നു. മണ്ഡലത്തിലെ 51ാം നമ്പര്‍ ബൂത്തിലും ഇതേ സംഭവം നടന്നുവെന്ന് ആരോപിക്കുന്നു. തങ്ങളുടെ വാദം സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങളടക്കമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. സിപിഎം നേതാവ് റബിൻ ദേബാണ് പരാതി നൽകിയിരിക്കുന്നത്.