കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങൾക്കും കൊലപാതകങ്ങൾക്കും പുറമെ ഉത്തർപ്രദേശിലെ ഹത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഇടതുപക്ഷവും കോൺഗ്രസും. ഒക്ടോബർ ആറിനാണ് പ്രതിഷേധപരിപടികൾ സംഘടിപ്പിക്കുക.
കൊൽക്കത്തയിൽ മെഗാ റാലി സംഘടിപ്പിക്കുമെന്നും, മറ്റ് ജില്ലകളിൽ സമാനമായ പരിപാടികൾ നടത്തുമെന്നും ഇടതുമുന്നണി ചെയർമാൻ ബിമാൻ ബോസും കോൺഗ്രസ് പ്രതിപക്ഷ നേതാവ് അബ്ദുൾ മന്നനും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൊൽക്കത്തയിലെ പ്രതിഷേധ റാലി എസ്‌പ്ലാനേഡിൽ നിന്ന് ആരംഭിച്ച് പാർക്ക് സ്ട്രീറ്റിലൂടെ ലേഡി ബ്രബോർൺ കോളജിന് സമീപം അവസാനിക്കും.
യുപിയിലെ ഹാത്രാസിൽ നടന്ന ഭീകരമായ സംഭവത്തിന് പുറമെ പശ്ചിമ ബംഗാളിൽ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന സംഭവങ്ങൾക്കെതിരെയും ശബ്ദമുയർത്തേണ്ടതുണ്ടെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഹത്രാസിൽ നടന്ന കൂട്ടബലാത്സംഗത്തിനെതിരെ ഇടതുപക്ഷത്തിന്‍റെയും കോൺഗ്രസിന്‍റെയും ആയിരത്തോളം പ്രവർത്തകർ ശനിയാഴ്ച കൊൽക്കത്തയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
19 കാരിയായ ദലിത് യുവതി സെപ്റ്റംബർ 14 നാണ് പീഡനത്തിനിരയായത്. തുടർന്ന് സെപ്റ്റംബർ 29 ന് യുവതി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് മരിച്ചു. സംഭവത്തിൽ പ്രതികളായ നാല് പേരും അറസ്റ്റിലായിട്ടുണ്ട്.