കശ്‌മീർ: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സായുധ സേനയെ ആധുനികവൽകരിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും സർക്കാർ ചെയ്‌തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധുനീകരിക്കപ്പെട്ട ലോകത്ത് സായുധ സേനയ്ക്കും നൂതന യുദ്ധസാമഗ്രികൾ ആവശ്യമാണെന്ന് സൈനികരെ അഭിസംബോദന ചെയ്‌തുകൊണ്ടുള്ള ചടങ്ങിൽ മോദി പറഞ്ഞു. "നമ്മുടെ സൈന്യം ആധുനികവും ശക്തവുമാണെന്നത് സൈനികരുടെ ആത്മവിശ്വാസത്തിൽ നിന്നും പ്രകടമാണ്. ആഗോളതലത്തിലുള്ള പരിശീലനമാണ് ഇവർക്ക് നൽകുന്നത്," എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സേനയെ വേഗത്തിൽ നവീകരിക്കുന്നതിനുള്ള തീരുമാനങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. വ്യോമാക്രമണവും സർജിക്കൽ സ്‌ട്രൈക്കും ഇന്ത്യൻ സൈന്യം ധൈര്യത്തോടെ നേരിടുന്നത് പ്രശംസനീയമാണ്. അത്തരത്തിൽ രാജ്യത്തിന് അഭിമാനം തോന്നുന്ന ഒട്ടനവധി സന്ദർഭങ്ങൾ സേന നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനികരും അവരുടെ കുടുംബാംഗങ്ങളും തന്‍റെ കുടുംബമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞു. 'ഒരു റാങ്ക്, ഒരു പെൻഷൻ' എന്ന ആശയവും ഇതിൽ നിന്ന് സ്വാധീനമുൾക്കൊണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കരസേനാ മേധാവി ബിപിൻ റാവത്ത്, നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്‍റ് ജനറൽ രൺബീർ സിങ് എന്നിവർക്കൊപ്പമാണ് ഇന്ത്യൻ സേനയുടെ യൂണിഫോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരെ അഭിവാദ്യം ചെയ്‌തത്.