ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതില്‍ കാലതാമസം വരുത്തിയതിന്‍റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് ആം ആദ്മി പാര്‍ട്ടി. ക്രമസമാധാനം കേന്ദ്രത്തിന് കീഴിലാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിൽ കാലതാമസമുണ്ടായത് ആം ആദ്മി സർക്കാരിന്റെ അശ്രദ്ധയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. കേസില്‍ കാലതാമസം വരുത്തിയതും കെജ്‌രിവാള്‍ സര്‍ക്കാരാണെന്നുമായിരുന്നു ജാവദേക്കറുടെ വിമര്‍ശം. കാലതാമസം വന്നതില്‍ ബിജെപിയാണ് ഉത്തരവാദിയെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം തന്ത്രപ്രധാനമായ ഇത്തരം തീരുമാനങ്ങളെടുക്കാതെ അവഗണിച്ചതിന് കേന്ദ്രമന്ത്രി ക്ഷമ ചോദിക്കേണ്ടതാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു.