ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി വാദ്ര. ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിമര്‍ശനം. ഉത്തര്‍പ്രദേശിന്‍റെ ക്രമസമാധാന നില ക്രിമിനിലുകള്‍ക്ക് മുന്നില്‍ കീഴടങ്ങുകയാണെന്നും ആര്‍ക്കും എവിടെയും സുരക്ഷിതത്വം തോന്നുന്നില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ നിന്നും തട്ടികൊണ്ടുപോയ ഒരാളെ മോചനദ്രവ്യം നല്‍കിയിട്ടും കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. സാധാരണക്കാരുടെ ജീവന്‍ അപഹരിച്ചതിന് ശേഷം ഇപ്പോള്‍ പരസ്യപ്രഖ്യാപനങ്ങള്‍ നടക്കുന്നുണ്ടെന്നും വീട്, റോഡ്, ഓഫീസ് തുടങ്ങി എവിടെയാണെങ്കിലും ആളുകള്‍ സുരക്ഷിതരല്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വിക്രം ജോഷിയെ കൊലപ്പെടുത്തിയതിന് ശേഷം ഇപ്പോള്‍ സഞ്ജീവ് യാദവിനെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തട്ടികൊണ്ടുപോയവര്‍ക്ക് പണം ലഭിച്ചെന്നും ഇര മരിച്ചെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഒരു പുതിയ ഗുണ്ടാ രാജ് നിലവില്‍ വന്നെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു. ഈ ജംഗിള്‍ രാജില്‍ ക്രമസമാധാനം ഗുണ്ടകള്‍ക്ക് മുന്നില്‍ കീഴടങ്ങിയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. വികാസ് ദുബെയുമായി ബന്ധപ്പെട്ട സംഭവങ്ങളും ഗാസിയാബാദിലെ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷിയെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവവും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, യുപി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. മരുമകളെ ചിലര്‍ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജൂലയ് 16ന് പൊലീസില്‍ പരാതി നല്‍കിയ വിക്രം ജോഷി, വിജയ് നഗറിലെ വീട്ടിലേക്ക് വരുന്ന വഴിയാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.