ന്യൂഡല്‍ഹി: യുപിയില്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് അതിഥിത്തൊഴിലാളികള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുന്നതിന് 'ആത്മ നിര്‍ഭര്‍ ഉത്തര്‍ പ്രദേശ് റോജ്‌ഗാര്‍' പദ്ധതിയുമായി യുപി സര്‍ക്കാര്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. യുപിയിലെ 1.25 കോടി അതിഥിത്തൊഴിലാളികള്‍ക്ക് പദ്ധതികൊണ്ട് ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതിഥിത്തൊഴിലാളികള്‍ക്ക് തൊഴിലവസരം സൃഷ്‌ടിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്വയം പരിയാപ്‌ത ഭാരതം എന്ന സ്വപ്‌ന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 1.25 കോടിയോളം തൊഴിലാളികള്‍ക്ക് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായിട്ടുണ്ട്. 35 ലക്ഷം തൊഴിലാളികള്‍ സംസ്ഥാനത്ത് തിരികെ എത്തി. ഇതില്‍ മുപ്പത് ലക്ഷത്തോളം തൊഴിലാളികള്‍ സര്‍ക്കാരിന്‍റെ സ്‌കില്‍ മാപ്പിങിന്‍റെ ഭാഗമായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊഴിലവസരം ഉറപ്പാക്കികൊണ്ട് രാജ്യത്തിന്‍റെ പിന്നോക്ക മേഖലകളിലെ അടിസ്ഥാന വികസനത്തിനായി ജൂണ്‍ 20ന് കേന്ദ്ര സര്‍ക്കാര്‍ ഗരീബ് കല്യാണ്‍ റോജ്‌ഗര്‍ അഭിയാന്‍ പ്രഖ്യാപിച്ചിരുന്നു.