പട്‌ന: നിരവധി പരമ്പരാഗത മധുര പലഹാരങ്ങള്‍ക്ക് പേര് കേട്ട സ്ഥലമാണ് ബിഹാര്‍. ഓരോ പലഹാരങ്ങള്‍ക്കും അതിന്‍റേതായ രുചിയും പ്രത്യേകതയുമുണ്ട്. മുള്ളൻ ചീരയും കുറുക്കിയ പാലായ ഖോയയും ചേര്‍ത്ത ലായ് എന്ന വിഭവം ബിഹാറിലെ ഏറെ പ്രശസ്തമായ ഒരു മധുര പലഹാരമാണ്. വിദേശത്ത് നിന്ന് പോലും ഈ വിഭവത്തിന് ആവശ്യക്കാരേറെയാണ്. പട്‌ന-ഗയ യാത്രക്കിടെ ബര്‍ഹിലോ പട്‌ന-മൊകാമ പാതയിലെ ധനറുവയിലോ ലായ് മധുരം ലഭിക്കും. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഈ പലഹാരത്തിന്‍റെ വലിയ ആരാധകനാണ്.
ഒട്ടേറെ കാലം കേടുവരാതെ നിലനില്‍ക്കും എന്നതിനാല്‍ ഇത് റഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ടതില്ല. വളരെയേറെ ആത്മസമര്‍പ്പണവും പാചക വൈദഗ്ധ്യവും ആവശ്യമാണെന്ന് ലായ് ഉണ്ടാക്കുന്നവര്‍ പറയുന്നു. ബര്‍ഹി സ്വദേശിയായ രാം പദാരത് സാവാണ് ആദ്യമായി ലായ് തയ്യാറാക്കിയതെന്ന് നിരവധി പേര്‍ വിശ്വസിക്കുന്നു. ഒരു ദിവസം ബാക്കി വന്ന പാലില്‍ ഖോയ കലര്‍ത്തി ലായ് ഉണ്ടാക്കിയെന്നാണ് കഥ. ബര്‍ഹില്‍ തന്നെ ഇപ്പോള്‍ 60 ലായ് നിര്‍മാണ യൂണിറ്റുകളുണ്ട്. ദിനംപ്രതി 100 ക്വിന്‍റലോളം ലായ് ഉണ്ടാക്കുന്ന ഈ യൂണിറ്റുകള്‍ക്ക് പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം വരെ വരുമാനമുണ്ട്.
ധനറുവ പ്രസിദ്ധമായത് ലായ് പലഹാരത്തിലൂടെയാണ്. ധനറുവയിലെ ഏറ്റവും പ്രസിദ്ധമായ വിജയ് ലായ് ഷോപ്പിന്‍റെ ഉടമയുടെ പൂർവികരാണ് ഇവിടെ ആദ്യമായി ലായ് തയ്യാറാക്കാൻ തുടങ്ങിയത്. ഒരു ചെറിയ കഷ്ണം ലായ് തയ്യാറാക്കാൻ ഏകദേശം ആറ് രൂപ 25 പൈസ ചെലവ് വരും. കിലോക്ക് 350 രൂപക്കാണ് വില്‍ക്കുന്നത്. 500 കിലോഗ്രാം ലായ് എങ്കിലും പ്രതിദിനം ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. ബര്‍ഹിലും ധനറുവയിലുമായി 150 കടകളിലായി അഞ്ച് കോടി രൂപയോളം വാര്‍ഷിക വരുമാനമുണ്ട്.
എങ്കിലും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ഈ ഉല്‍പന്നത്തിന് ഇതുവരെയും നേട്ടമുണ്ടാക്കാനായിട്ടില്ല. ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തിയാല്‍ നിലവിലെ വില്‍പന പതിന്മടങ്ങ് വര്‍ധിപ്പിക്കാം. ഇത് സാധൂകരിക്കാന്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത് ജിഐ ടാഗ് ലഭിച്ച സിലാവോ ഖാജാ എന്ന ഉല്‍പന്നത്തിന്‍റെ ഇന്നത്തെ ഓണ്‍ലൈൻ വിറ്റഴിവാണ്. എന്നാല്‍, ലായ് ഓണ്‍ലൈനില്‍ ലഭ്യമാക്കുവാന്‍ ആരും മുന്‍കൈ എടുക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. ഇന്ത്യയുടെ മധുര പലഹാര വിപണിയുടെ മുഖഛായ തന്നെ മാറ്റി മറിക്കുവാന്‍ ഉതകുന്നതാണ് ലായ്. റഷ്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ മധുരപലഹാരം എത്തുന്നുണ്ട്. ഓണ്‍ലൈന്‍ വില്‍പനക്ക് വേദി ലഭിച്ചാല്‍ ലായ് പലഹാരത്തിന്‍റെ രുചിയും വ്യാപാരവും മൈലുകള്‍ താണ്ടി മുന്നോട്ട് കുതിക്കും.