മുംബൈ: പർഭാനി സ്വദേശിയായ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീട് ജില്ലയിലെ ധനോറ ഗ്രാമത്തിൽ നിന്നും തിങ്കളാഴ്‌ചയാണ് 40 കാരനായ പിന്ദു പവാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. പൂനെയിൽ നിന്നും പർഭാനി ജില്ലയിലേക്കുള്ള കാൽനട യാത്രക്കിടെയിലായിരുന്നു ഇയാൾ. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് പഴക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ബാഗിൽ ഭക്ഷണസാധനങ്ങൾ ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
പിന്ദു പവാർ പൂനെയിൽ കരിമ്പ് മുറിക്കുന്ന ജോലിയാണ് ചെയ്‌തിരുന്നത്. സഹോദരനൊപ്പം താമസിച്ചിരുന്ന ഇയാൾ ലോക്ക് ഡൗണിനെ തുടർന്ന് മെയ് എട്ടിനാണ് പർഭാനിയിലേക്ക് പുറപ്പെട്ടത്. നാല് ദിവസത്തിനുശേഷം അഹമ്മദ്‌നഗറിലെത്തിയ ഇയാൾ കുടുംബത്തെ വിവരം അറിയിച്ചിരുന്നു. ഷെഡിന് സമീപത്ത് നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് പിന്ദുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങളെ അറിയിച്ചശേഷം ധനോറ ഗ്രാമവാസികൾ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.