ബെംഗളൂരൂ: മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് നന്ദിയറിയിച്ച് മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മകന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ വ്യാപകമായപ്പോള്‍ കുമാരസ്വാമിയെ പിന്തുണച്ച് ബി.എസ് യെദ്യൂരപ്പ രംഗത്തെത്തിയിരുന്നു. ഇതിനാണ് കുമാര സ്വാമി നന്ദിയറിച്ചത്.
വിവാഹത്തിനെത്തിയവര്‍ മാസ്‌ക് ധരിക്കുകയോ മറ്റ് മുന്‍കരുതലുകൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ലെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. എന്നാൽ അനുമതി വാങ്ങിയാണ് കുമാരസ്വാമി മകന്റെ വിവാഹം നടത്തിയതെന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങായിരുവെന്നും മുഖ്യമന്ത്രി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. ഇതിൽ നന്ദി അറിയിക്കുകയും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ സത്യത്തിനൊപ്പം നിൽക്കുന്നുവെന്നും കുമാരസ്വാമി ട്വിറ്ററിൽ കുറിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയടക്കമുള്ള കുടുംബാംഗങ്ങള്‍ കുമാരസ്വാമിയുടെ മകൻ നിഖിലിന്‍റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.