ബെംഗളൂരു: കർണാടകയിലെ കൊവിഡ് മുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ.സുധാകർ. 39.67 ശതമാനമാണ് കര്‍ണാടകയിലെ രോഗമുക്തി നിരക്ക്. രാജ്യത്തെ രോഗമുക്തി നിരക്ക് 62.92 ശതമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിൽ 38,843 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 22,746 പേര്‍ ചികിത്സയിലുണ്ട്.
അതേസമയം സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണെന്നത് ആശ്വാസകരമാണെന്നും കെ.സുധാകർ പറഞ്ഞു. ഇന്ത്യയിയെ മരണനിരക്ക് 2.66 ശതമാനവും കര്‍ണാടകയിലേത് 1.76 ഉം ആണ്. സംസ്ഥാനത്ത് 684 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ ഇത് കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് ദുരിതം വിതച്ച യുഎസ്എ, ബ്രസീൽ, സ്പെയിൻ, ഇറ്റലി, യുകെ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ മരണനിരക്ക് കുറവാണെന്നതും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം ബെംഗളൂരുവില്‍ ഞായറാഴ്‌ച വരെയുള്ള രോഗമുക്തി നിരക്ക് 22 ശതമാനമാണ്. ഇത് സംസ്ഥാന ശരാശരിയേക്കാൾ വളരെ കുറവാണ്. നഗരത്തിലെ കൊവിഡിന്‍റെ തീവ്രതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച 1,525 പുതിയ കേസുകളാണ് ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ആകെ 18,387 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം മരണനിരക്ക് സംസ്ഥാന ശരാശരിയേക്കാൾ 1.37 ശതമാനത്തിൽ കുറവാണ്. 274 കൊവിഡ് മരണങ്ങൾ ബെംഗളൂരുവില്‍ സംഭവിച്ചു.