ബെംഗളൂരൂ: ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച സിആർപിഎഫ് ജവാനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെലഗാവി ജില്ലയിൽ എക്സംബ എന്ന സ്ഥലത്താണ് സംഭവം. 207 കോബ്രയുടെ സിആർപിഎഫ് കമാൻഡോ സച്ചിൻ സാവന്തിനെയാണ് ഏപ്രിൽ 23 ന് സഡൽഗ പൊലീസ് അറസ്റ്റ് ചെയ്തത്.
എക്സംബയിലെ വീടിന് പുറത്ത് നിന്ന് ബൈക്ക് കഴുകുകയായിരുന്ന ജവാൻ മാസ്ക് ധരിക്കാതെ പുറത്തിറങ്ങി എന്നാണ് പൊലീസ് ആരോപിക്കുന്ന കുറ്റം. ഇദ്ദേഹം ലോക്ക് ഡൗൺ നിർദേശം ലംഘിക്കുകയും പൊതുസേവകനെ തന്‍റെ ചുമതല നിർവഹിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചുവെന്നും ആരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സച്ചിനെ പൊലീസ് മർദിച്ചുവെന്നും ഇയാളുടെ വസ്ത്രങ്ങൾ വലിച്ചുകീറി കൈവിലങ്ങണിയിച്ച് പൊലീസ് സ്റ്റേഷൻ വരെ നടത്തിക്കൊണ്ട് പോയെന്നും പറയപ്പെടുന്നു. ചങ്ങലയിൽ ബന്ധിച്ച ജവാന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ചിത്രം വ്യാപകമായതോടെ ജവാനെതിരായ കേസ് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിആർപിഎഫ് അഡീഷണൽ ഡയറക്ടർ ജനറൽ (ഓപ്പറേഷൻസ്) സഞ്ജയ് അറോറ കർണാടക ഡിജിപി പ്രവീൺ സൂദിന് കത്തയച്ചു. വീടിന് മുമ്പിലുള്ള റോഡിൽ കൂട്ടുകാർക്കൊപ്പം കൂട്ടം കൂടി സിആർപിഎഫ് ഉദ്യോഗസ്ഥൻ നിൽക്കുകയായിരുന്നുവെന്നും പൊലീസ് എത്തിയപ്പോൾ ജവാൻ ഒഴികെയുള്ളവർ ഓടി രക്ഷപ്പെട്ടുവെന്നും ബെൽഗവി പൊലീസ് സൂപ്രണ്ട് (എസ്പി) മാധ്യമങ്ങളോട് പറഞ്ഞു. മാസ് ധരിക്കാത്തത് എന്താണെന്ന് പൊലീസ് തിരക്കിയപ്പോൾ വീടിന് മുമ്പിൽ അതിന്‍റെ ആവശ്യമില്ലെന്ന മറുപടിയായിരുന്നു ജവാന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പിന്നീടുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.