ചെന്നൈ: മനസിൽ ഇപ്പോഴും പുതുമ നിലനിർത്തുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസിലെ 'ഹൗഡി മോദി'. ആ ചരിത്ര നിമിഷത്തിന് ശേഷം മറ്റൊരു നയതന്ത്ര ഏറ്റുമുട്ടലിനാണ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.ശക്തരായ രണ്ട് ഏഷ്യൻ നേതാക്കളുടെ കൂടിക്കാഴ്ചയാണ് വെള്ളി, ശനി ദിവസങ്ങളിൽ നടക്കാൻ പോകുന്നത്.
ലോകം ഉറ്റുനോക്കുന്ന ചെന്നൈയിലെ മാമലപുരത്ത് പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങും അനൗപചാരിക ഉച്ചകോടി നടത്തും. ഏഷ്യയിലെ ശക്തരായ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിന് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഫലം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2020 ഓടെ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം 70 വർഷം തികയുകയാണ്. ഈ സാഹചര്യത്തിൽ ഇരു രാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ടതാണ് ഈ ഉച്ചകോടി. പതിറ്റാണ്ടുകളായി പരസ്പരം കൊമ്പുകോർക്കുന്ന ഇരു രാജ്യങ്ങൾക്കുമിടയില്‍ സംഭവിച്ച പ്രധാന തർക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് യോഗം സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ.
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്
വ്യാപാരം സുഗമമാക്കുന്നതിന് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വലിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയാണ് 2017 ൽ ചൈന പുറത്തിറക്കിയ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ). പാകിസ്ഥാൻ അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ബിആർഐയുടെ പ്രധാന ഭാഗമാണ്.
ന്യൂക്ലിയർ ഷെയറിങ് ഗ്രൂപ്പ്
48 അംഗ ന്യൂക്ലിയർ ഷെയറിംഗ് ഗ്രൂപ്പിലേക്ക് ഇന്ത്യ പ്രവേശിക്കുന്നത് ചൈന ദീർഘകാലമായി എതിർക്കുന്നുണ്ട്. യുഎസും റഷ്യയും ഉൾപ്പെടെയുള്ള മറ്റ് പി 5 അംഗങ്ങൾ ഇന്ത്യയെ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണച്ചെങ്കിലും ബീജിങ് എതിർത്തു. ഈ അനൗപചാരിക ഉച്ചകോടി വരുന്നതോടെ, ഇന്ത്യയെ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നിലപാട് ബീജിങ് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കശ്മീർ തർക്കം
ഐക്യരാഷ്ട്ര സഭയുടെ 74ാമത് പൊതുസഭയിൽ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനുമായി ചേർന്ന് ബീജിങ് ഇന്ത്യയുമായി ചർച്ചക്ക് ശ്രമിച്ചു. പ്രശ്നപരിഹാരത്തിന് ഇന്ത്യയും പാകിസ്ഥാനുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്തണമെന്നും ബീജിങ് ആവശ്യപ്പെട്ടു.
അതിർത്തി തർക്കം
അതിർത്തി തർക്കം സംബന്ധിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യുമ്പോള്‍ അത് ഒരിക്കലും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ ബാധിക്കരുതെന്ന് ഷീ ജിന്‍പിങിന്‍റെ സന്ദർശനത്തിന് മുന്നോടിയായി ചൈനീസ് അമ്പാസിഡര്‍ സണ്‍ വീഡോങ് അഭിപ്രായപ്പെട്ടിരുന്നു. അല്‍രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിർത്തിയില്‍ ശാന്തിയും സമാധാനവും നിലനിർത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നാണ് ചൈന പറയുന്നത്.