ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് കേരളത്തിൽ സംഘടിപ്പിച്ച മനുഷ്യശൃംഖലയ്ക്ക് ഐക്യദാർഢ്യവുമായി കേരള ഹൗസിന് മുന്നിൽ മനുഷ്യശൃംഖല തീര്‍ത്തു. അഡ്വ. എ സമ്പത്തിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മനുഷ്യശൃംഖലയിൽ അമ്പതോളം പേർ പങ്കെടുത്തു. പരിപാടിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്‍ഞയെടുക്കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് കേരളത്തിൽ സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍, എംവി ഗോവിന്ദൻ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിന്‍റെ സംയുക്ത പ്രതിഷേധത്തിന് വേദിയായ പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ മനുഷ്യ മഹാശൃംഖലയിൽ അണിചേര്‍ന്നത്. 629 കിലോമീറ്റര്‍ നീളത്തിലാണ് ശൃംഖല നിര്‍മിച്ചത്. തമിഴ്‌നാട് സര്‍ക്കാരും സി.എ.എയെ എതിര്‍ക്കുന്നുണ്ട്. നിരവധി തമിഴ്‌നാട്ടുകാര്‍ ശൃംഖലയുടെ ഭാഗമായതായി സമ്പത്ത് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ശൃംഖലയുടെ ഭാഗമായി.