ന്യൂഡൽഹി: കേരള ഗവർണർ വിവാദപരമായ പരാമർശം നടത്തിയതിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് റാഷിദ് ആൽവി. ഇത്തരത്തിൽ പരാമർശം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനം രാജിവെച്ച് രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നതാണ് നല്ലതെന്ന് റാഷിദ് ആൽവി പറഞ്ഞു.
വിഭജനം അഴുക്ക് എടുത്തുകളഞ്ഞെങ്കിലും അവശേഷിക്കുന്ന ചില കുഴികളിലെ വെള്ളത്തിൽ നിന്നും ഇപ്പോൾ ദുർഗന്ധം വമിക്കുകയാണ് എന്ന ഗവർണറുടെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. ഇത്തരം വാക്കുകൾ ഒരു ഗവർണർക്ക് ചേരുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് മോശമായി പെരുമാറിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും റാഷിദ് ആൽവി പ്രതികരിച്ചു. ഉത്തർപ്രദേശിലെ ക്രമസമാധാനം വഷളാവുകയാണ്. യുപി സർക്കാർ പക്ഷപാതപരമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും റാഷിദ് ആൽവി ആരോപിച്ചു.