ഡെറാഡൂൺ : ബിസിനസുകാരനായ അബ്‌ദുൾ ഷാക്കുര്‍ കൊലപാതക കേസില്‍ പ്രധാന പ്രതിയായ മുഹമ്മദ് ആഷിഖ് അറസ്റ്റില്‍. 485 കോടി ക്രിപ്‌റ്റോ കറന്‍സി ബിറ്റ്കോയിനുമായി ബന്ധപ്പെട്ടായിരുന്നു അബ്‌ദുൾ ഷാക്കുറിനെ കൊലപ്പെടുത്തിയത്. അബ്‌ദുൾ ഷാക്കുറിന്‍റെ കൊലപാതക ശേഷം രണ്ടു മാസമായി ആഷിഖ് ഒളിവിലായിരുന്നു. സുദ്ദോവാലയിലെ വനിത പോളിടെക്നിക് കോളജിന് അടുത്ത് വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. എംബിഎ പഠനകാലം കഴിഞ്ഞതുമുതല്‍ ക്രിപ്റ്റോ കറന്‍സിയുടെ മുഖ്യ സൂത്രധാരനായ അബ്‌ദുൾ ഷാക്കുറുമായി തനിക്ക് പരിചയമുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ ആഷിഖ് പറഞ്ഞു. കൂടുതല്‍ പണമുണ്ടാക്കുന്നതിനായി ആഷിഖ് ബിറ്റ്കോയിന്‍ ബിസിനസ്സില്‍ ഷാക്കുറിന്‍റെ രണ്ടു കമ്പിനികളിലെ ഓഹരി ഉടമയായി ചേര്‍ന്നു. മുന്‍കാലങ്ങളില്‍ ആഷിഖ് ബിറ്റ് കോയിന്‍ ബിസിനസില്‍ നിന്നും കോടികളാണ് നേടിയത്. ബിറ്റ് കോയിന്‍ നെറ്റ്‌വര്‍ക്കില്‍ ആഷിഖ് കേരള സ്വദേശികളായ അഫ്‌താബ് ഫാരിസ്, സുഷീല്‍, യാസിന്‍ എന്നിവരെകൂടി ചേര്‍ത്ത് 13 കോടി രൂപ നിക്ഷേപിക്കുകയും ചെയ്‌തു. നിക്ഷേപകര്‍ക്ക് കൊടുക്കാനുളള തുക കൂടി വന്നപ്പോൾ ഷാക്കുര്‍ ഉൾപ്പടെയുള്ളവര്‍ കേരളത്തില്‍ നിന്നും ഇന്ത്യയുടെ പലഭാഗത്തേക്ക് നാടുവിട്ടു.
ഷാക്കുര്‍ തന്‍റെ ബിറ്റ്കോയിന്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും സ്വന്തമായി ക്രിപ്റ്റോ കറൺസി ആരംഭിക്കാന്‍ പോകുകയാണന്നും കേരളത്തിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്ന് പറഞ്ഞിരുന്നതായും ആഷിഖ് വ്യക്തമാക്കി. ഷാക്കുറിന്‍റെ ബിറ്റ്‌കോയിന്‍ ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് ആഷിഖ് മറ്റ് നിക്ഷേപകരുമായി ചേര്‍ന്ന് ബിറ്റ്കോയിന്‍ പാസ്‌വേഡ് കണ്ടെത്താന്‍ തീരുമാനിച്ചു. ഈ പ്‌ളാന്‍ നടപ്പാകുന്നതിനായി ഷാക്കുറിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ച് പാസ്‌വേഡ് തട്ടിയെടുക്കാന്‍ പദ്ധിയിടുകയും അത് നടപ്പാക്കുകയും ചെയ്‌തു. ക്രൂരമായ ശാരീരിക പീഡനത്തെ തുടര്‍ന്നാണ് ഷാക്കുര്‍ കൊല്ലപ്പെട്ടത്. ഷാക്കൂറിന്‍റെ കൊലയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചതായി ഡെറാഡുൺ എസ്എസ്‌പി അരുൺ മോഹന്‍ ജോഷി പറഞ്ഞു. മുഖ്യ പ്രതി അറസ്റ്റിലായെങ്കിലും നാല് പേര്‍ ഒളിവിലാണ്. അവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ക്രിപ്‌റ്റോ കറൺസിയുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ നിന്നും യാതൊരു പരാതിയും ലഭിച്ചിട്ടിലെന്നും അദ്ദേഹം പറഞ്ഞു.