ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരികയാണെന്ന് അരവിന്ദ് കെജ്‌രിവാൾ. നഗരം നിയന്ത്രണത്തിലായതിനാൽ സമൂഹ വ്യാപനം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഇതുവരെ 97 കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരാളെ സിംഗപ്പൂരിലേക്ക് മാറ്റി. രണ്ട് പേർ മരിച്ചു. അഞ്ച് പേരുടെ അസുഖം ഭേദപ്പെട്ടു. 89 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഒരാൾ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയും മറ്റ് രണ്ട് പേർ ഓക്സിജൻ നൽകിയും ബാക്കിയുള്ളവർ സുസ്ഥിരവുമാണ്. എല്ലാവരും സുഖം പ്രാപിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നതായും കെജ്‌രിവാൾ പറഞ്ഞു.
റിപ്പോർട്ട് ചെയ്ത കേസുകളിൽ 24 കേസുകൾ നിസാമുദീൻ തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്തവർ, 41 കേസുകൾ വിദേശത്ത് നിന്ന് വന്നവർ, 22 പേർ ഇവരുടെ കുടുംബാംഗങ്ങൾ,മറ്റ് പത്ത് കേസുകൾ വിശകലനം ചെയ്യുന്നുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. നിസാമുദീൻ തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത പലർക്കും പരിശോധനാഫലം പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഇനിയും കേസുകളുടെ എണ്ണം വർദ്ധിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നിസാമുദീൻ തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത ശേഷം ആളുകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തു. 1,548 പേരെയാണ് കെട്ടിടത്തിൽ നിന്ന് രക്ഷിച്ചത്. 441 ൽ അധികം പേരെ പരിശോധനയ്ക് വിധേയരാക്കി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. 1,107 പേർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സ്വയം നിരീക്ഷണത്തിൽ തുടരുകയാണെന്ന് കെജ്‌രിവാൾ പറഞ്ഞു.
ഒരു സമ്മേളനവും സംഘടിപ്പിക്കരുതെന്നും സർക്കാരുമായി സഹകരിക്കണമെന്നും എല്ലാ മതനേതാക്കളോടും ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായും കെജ്‌രിവാൾ പറഞ്ഞു. ഇതിനായി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലിന് കത്തെഴുതിയതായും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.