ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ജോബ് പോര്‍ട്ടലിന് തുടക്കമിട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ദായകര്‍ക്കും ഒരുപോലെ പോര്‍ട്ടല്‍ പ്രയോജനപ്പെടും. jobs.delhi.gov.in എന്ന പോര്‍ട്ടലാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഡല്‍ഹിയുടെ സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്താന്‍ വ്യാപാരികളോടും ജനങ്ങളോടും വ്യവസായികളോടും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കൊവിഡ് മഹാമാരി കാരണം നിരവധി പേര്‍ക്ക് ജോലി നഷ്‌ടപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാപാരികള്‍, ബിസിനസുകാര്‍, പ്രൊഫഷണലുകള്‍, കോണ്‍ട്രാക്‌ടര്‍മാര്‍ തുടങ്ങി നിരവധി ആളുകള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട അനുയോജ്യരായ ആളുകളെ ലഭിക്കുന്നില്ലെന്നും അതേസമയം ജോലി തേടി നടക്കുന്നവരുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരക്കാര്‍ക്ക് ഉപയോഗപ്രദമാവും വിധമാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് പോയ മിക്ക തൊഴിലാളികളും തിരിച്ച് ഡല്‍ഹിയിലെത്തി തുടങ്ങിയെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
ജോബ് പോര്‍ട്ടല്‍ സേവനം തികച്ചും സൗജന്യമാണെന്നും അപേക്ഷകന്‍ പണം നല്‍കേണ്ട യാതൊരു ആവശ്യവുമില്ലെന്നും തൊഴില്‍ മന്ത്രി ഗോപാല്‍ രാജ് പറഞ്ഞു. വെബ്‌സൈറ്റ് ഉപയോഗിക്കാനറിയാത്തവരെ കൂടി മറ്റുള്ളവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കണമെന്ന് തൊഴില്‍ മന്ത്രി അഭ്യര്‍ഥിച്ചു. വെബ്‌സെറ്റില്‍ തൊഴിലന്വേഷകര്‍ക്കും തൊഴില്‍ദായകര്‍ക്കും പ്രത്യേകം രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ഫോണ്‍ നമ്പര്‍ നല്‍കുക വഴി ലഭിക്കുന്ന ഒടിപി നമ്പര്‍ നല്‍കുകയും ആവശ്യമായ ജോലി തിരയുകയും അതിനാവശ്യമായ പ്രൊഫൈല്‍ തയ്യാറാക്കുകയുമാണ് വേണ്ടത്. തുടര്‍ന്ന് തൊഴിലന്വേഷകന് തൊഴില്‍ദായകരുമായി ഫോണ്‍ വഴി ബന്ധപ്പെടാനും തിരിച്ചും സൗകര്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കുന്നത് പോലെ ഡല്‍ഹിയിലും അത്തരം സാഹചര്യം ഏര്‍പ്പെടുത്തേണ്ടി വരാത്തതിനാല്‍ മുഖ്യമന്ത്രി സന്തുഷ്‌ടി പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.