ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയില്‍ കഴിയുന്ന കൊവിഡ് സ്ഥിരീകരിച്ച കശ്‌മീരി വനിതക്ക് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിനും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്താന്‍ പ്രേരണ നല്‍കിയതിനുമാണ് ഹിന ബാഷിര്‍ ബേഗിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. പ്രതിക്കെതിരായ ആരോപണം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ഡല്‍ഹിയിലെ സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ഇല്ലെന്ന് ഹിനയുടെ അഭിഭാഷകൻ എംഎസ് ഖാൻ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് ചികിത്സക്കായി ഏതെങ്കിലും സ്വകാര്യ ആശുപത്രി നിര്‍ദേശിക്കാനും കോടതി പറഞ്ഞു.
ഭര്‍ത്താവ് ജഹാന്‍സെയ്ബ് സമി, അബ്‌ദുല്‍ ബാസിത്ത് എന്നിവര്‍ക്കൊപ്പം കഴിഞ്ഞ മാര്‍ച്ചിലാണ് ഹിന അറസ്റ്റിലാകുന്നത്. ഇവരുടെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയക്കാന്‍ ജൂണ്‍ ആറിന് കോടതി നിര്‍ദേശിച്ചിരുന്നു. ഹിനക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ഇവര്‍ ഭീകര സംഘടനയായ ഐഎസ്‌ഐഎസിന്‍റെ ആശയങ്ങള്‍ പിന്തുടരുന്നവരാണെന്നും രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടുവെന്നും ഐഎസ്‌കെപി ഭീകര സംഘടനയിലേക്ക് ആളെച്ചേര്‍ക്കാന്‍ ശ്രമിച്ചുവെന്നും കേസ് എന്‍ഐഎക്ക് കൈമാറുന്നതിന് മുമ്പ് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജഹാന്‍സെയ്ബ് സമിക്ക് അബ്ദുല്‍ ബാസിത്ത് അയച്ച ഓഡിയോ സന്ദേശത്തില്‍ ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭീകര സംഘടനയായ ഐഎസ്‌കെപിയുടെ ഇന്ത്യന്‍ തലവനുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.