ശ്രീനഗർ: കശ്മീർ താഴ്വരയിൽ രണ്ടാഴ്ച്ചയായി തുടരുന്ന കർഫ്യൂവിനെ തുടർന്ന് ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടു. ഇതേതുടർന്ന് രാജ്യത്തെ മറ്റ് നഗരങ്ങളില്‍ നിന്നുള്ള ഔഷധങ്ങളുടെ വരവും നിലച്ചു. ക്ഷാമം കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികൾ ഉൾപ്പെടെയുള്ളവര്‍ ദുരിതത്തിലാണ്.
13 ദിവസമായി ഗതാഗതവും വാർത്താവിനിമയവും പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ 17-ാം തീയതി ഇന്ധനവും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ജില്ലാഭരണകൂടം ശ്രീനഗറിൽ ലഭ്യമാക്കിയിരുന്നു. ജമ്മു ഉൾപ്പെടെ വിവിധ ജില്ലകളിൽ ടു ജി മൊബൈൽ സേവനം ഉൾപ്പടെ പുനഃസ്ഥാപിച്ചു. പകൽ നിയന്തണ ഇളവുകൾ പ്രഖ്യാപിച്ച കശ്മീർ മേഖലയിൽ ഇതേവരെ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ മാസം ആദ്യമാണ് ജമ്മുകശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 പാർലമെന്‍റ് റദ്ദാക്കിയത്.