ന്യൂഡല്‍ഹി: ജമ്മു കശ്‌മീർ വിഷയത്തില്‍ പാർലമെന്‍റില്‍ അസാധാരണ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. രാജ്യസഭയില്‍ ശൂന്യവേള, ചോദ്യോത്തര വേള എന്നിവ മാറ്റിവെച്ചു. കശ്‌മീരിനെ സംബന്ധിച്ച് സുപ്രധാന നിയമ നിർമ്മാണത്തിന് നീക്കം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, രാജ്യസഭയില്‍ നിയമനിർമ്മാണ നീക്കത്തെ എതിർക്കാർ പ്രതിപക്ഷ കക്ഷികളും ശ്രമം തുടങ്ങി. ശക്തമായ പ്രതിഷേധം പാർലമെന്‍റില്‍ ഉയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
അതിനിടെ, കശ്‌മീർ വിഷയത്തില്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നല്‍കി. രാവിലെ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ കാര്യ സമിതി യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ ഒരു മാസമായി തുടരുന്ന രാഷ്ട്രീയ, സൈനിക നീക്കങ്ങൾക്ക് ശേഷമാണ് കേന്ദ്രസർക്കാർ അസാധാരണ നടപടികളിലേക്ക് കടക്കുന്നത്.