ബെംഗളൂരു: ലവ് ജിഹാദിനെതിരെ കർണാടകയിൽ നിയമമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഉത്തർപ്രദേശിൽ പ്രഖ്യാപിച്ച ഓർഡിനൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് .ഉത്തർപ്രദേശ് അടുത്തിടെ പ്രഖ്യാപിച്ച ഓർഡിനൻസിന്‍റെ പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിവരങ്ങൾ സ്വീകരിച്ച ശേഷം കർണാടകയിലും ലവ് ജിഹാദിനെതിരെ ഒരു നിയമം ഉണ്ടാകും. മുഖ്യമന്ത്രി ഇത് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രണയത്തിന്‍റെയും വിവാഹത്തിന്‍റെയും പേരിൽ മതപരിവർത്തനം നടത്തുന്നത് അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. ലവ് ജിഹാദിനെതിരെ കർശന നിയമം കർണാടകയിൽ നടപ്പാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് നളിൻ കുമാർ കതീലും ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
നിർബന്ധിതമായ മത പരിവർത്തനത്തിനെതിരെ ഉത്തർപ്രദേശ് പ്രഖ്യാപിച്ച ഓർഡിനൻസ് പ്രകാരം 10 വർഷം വരെ തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.