ബെംഗളൂരു: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ) നിരോധിക്കാനും ബെംഗളൂരു അക്രമത്തിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി കർണാടക മന്ത്രി കെ.എസ് ഈശ്വരപ്പ. ബിജെപി സർക്കാരിന് കീഴിൽ ഭീകരത ഇല്ലായ്മ ചെയ്യുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എസ്‌ഡിപിഐ ഒരു നിസാര സംഘടനയാണ്. എസ്‌ഡിപിഐയെ നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങളും ഉടൻ തന്നെ എടുക്കും. അക്രമത്തിൽ ഏർപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് വേണ്ട നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 20ന് നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഈ രണ്ട് കാര്യങ്ങളും ചർച്ചചെയ്യും.
അതേസമയം, ചൊവ്വാഴ്ച നടന്ന ബെംഗളൂരു അക്രമത്തിൽ 60 പേരെ കൂടി അറസ്റ്റ് ചെയ്തതായി ബെംഗളൂരു ജോയിന്‍റ് പൊലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. അറസ്റ്റിലായവരിൽ ബ്രൂഹത്ത് ബെംഗളൂരു മഹാനഗര പാലിക്കിന്‍റെ (ബിബിഎംപി) കോർപ്പറേറ്ററായ ഇർഷാദ് ബീഗത്തിന്‍റെ ഭർത്താവ് കലീം പാഷയും ഉൾപ്പെടുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 206 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പാട്ടീൽ പറഞ്ഞു. അക്രമത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി പറഞ്ഞു.