ബംഗ്ലരൂ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന ഫലമാണ്, കർണാടകയിൽ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. 28ൽ 25ഉം നേടി സംസ്ഥാനത്ത് ബിജെപി കരുത്ത് കാണിച്ചതോടെ, ഇടഞ്ഞു നിൽക്കുന്ന കോണ്‍ഗ്രസ് - ജനതാദതള്‍ വിമതർ മറുകണ്ടം ചാടുമോ എന്ന ആശങ്കയിലാണ് സർക്കാർ. വിമതരെ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി അണിയറയിൽ തുടങ്ങി കഴിഞ്ഞു എന്നാണ് സൂചന. കഴിഞ്ഞ ദിവസം രണ്ടിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഓരോ സീറ്റു വീതം ബിജെപിയും, കോണ്‍ഗ്രസും നേടിയിരുന്നു. ഇതോടെ 229 അംഗ നിയമസഭയിൽ 79 എം.എൽ.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ജനതാദളിന്‍റെ 37ഉം ബിഎസ്പിയുടെ ഒരംഗവും ചേർന്നതോടെ 117 അംഗങ്ങള്‍ ഉള്ള സംഖ്യത്തിലെത്തുന്നു. കേവലഭൂരിപഷത്തിന് 113 പേർ വേണ്ട സഭയിൽ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരംഗമുള്ള കെപിജെപിയും, ഒരു സ്വതന്ത്രനും കൂടി ചേരുന്നതോടെ 107. സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ നേരത്തെ മുതൽ തന്നെ ബിജെപി പാളയത്തിൽ സജീവമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ട പുതിയ സാഹചര്യത്തിൽ പാളയത്തിലെ പടല പിണക്കങ്ങള്‍ മുതലെടുത്ത് ഇരുപത് കോണ്‍ഗ്രസ് വിമതരെ ഒപ്പം ചേർക്കാമെന്ന് കണക്കുകൂട്ടലിലാണ് ബിജെപി.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ എറ്റ കനത്ത പ്രഹരത്തിന്‍റെ ആഘാതത്തിലാണ് കോണ്‍ഗ്രസും, ജനതാദളും. ദള്‍ ദേശീയാധ്യക്ഷന്‍ എച്ച്.ഡി. ദേവെഗൗഡ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ, മുതിർന്ന മുതിർന്ന കോൺഗ്രസ് നേതാക്കളായ വീരപ്പമൊയ്‍ലി, കെ.എച്ച് മുനിയപ്പ, മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡ എന്നിവരാണ് സംസ്ഥാനത്ത് അടിതെറ്റിവീണ പ്രമുഖർ. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ രൂപപെട്ടതോടെ സഖ്യ സർക്കാരിനെ നിലനിർത്താൻ പുതിയ ഫോർമുലയ്ക്കാവും ഇനി നേതാക്കള്‍ ശ്രമിക്കുക. കോൺഗ്രസ് - ദള്‍ നേതൃയോഗങ്ങൾക്ക് ശേഷമാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം.