ബെംഗളൂരു: കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരം കൊവിഡ് വാക്സിൻ വിതരണം ചെയ്യാനാവശ്യമായ നടപടികൾ സംസ്ഥാനം ആരംഭിച്ചതായി കർണാടക ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ. സംസ്ഥാന ടാസ്‌ക് ഫോഴ്‌സും വാക്സിൻ സംഭരണത്തിനും വിതരണത്തിനുമായി തയാറായതായി അദേഹം പറഞ്ഞു. വാക്സിന്‍റെ സംഭരണത്തിനും വിതരണത്തിനുമായി 29,451 വാക്സിനേഷൻ സെന്‍ററുകളും 10,008 ആരോഗ്യ പ്രവർത്തകരേയും സർക്കാർ കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ ഇതിനകം തന്നെ സർക്കാർ സമാഹരിച്ചു. കൂടാതെ മറ്റു ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ 80 ശതമാനവും സ്വകാര്യ ആരോഗ്യ മേഖലയിൽ നിന്നാണെന്നും അദേഹം പറഞ്ഞു. അതേസമയം വാക്സിനുകൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കർണാടകയിൽ 2,855 കോൾഡ് ചെയിൻ പോയിന്‍റുകളുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ സമയബന്ധിതമായ വാക്സിനുകളുടെ വിതരണം ലക്ഷ്യമിട്ട് മൂന്ന് പുതിയ പ്രാദേശിക വാക്സിൻ സ്റ്റോറുകൾ ആരംഭിക്കാനും നിർദേശമുള്ളതായും അദേഹം പറഞ്ഞു.