ബെംഗളൂരു: റായ്ചൂർ ജില്ലയിലെ വീട്ടിലേക്ക് മടങ്ങാനായി ബെംഗളൂരുവിൽ നിന്ന് 200 കിലോമീറ്റർ സഞ്ചരിച്ച വനിതാ തൊഴിലാളിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. മരിച്ചയാളുടെ കുടുംബത്തിന് സഹായം നൽകണമെന്നും അദ്ദേഹം അധികാരികൾക്ക് നിർദേശം നൽകി.
ലോക് ഡൗണിനെത്തുടര്‍ന്ന് ബെഗളൂരുവിൽ നിന്ന് തന്‍റെ ഗ്രാമമായ സിന്ധനൂരിലെക്ക് കാൽനടയായി യാത്ര ചെയ്ത ഗംഗമ്മയെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നിര്‍ഭാഗ്യകരമാണ്. അവരുടെ കുടുംബത്തിന് വേണ്ട സഹായം ചെയ്ത്കൊടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.
ഇത് ദുഷ്‌കരമായ സമയമാണെന്നും നിർമ്മാണ തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കാൻ ദസോഹ (ഭക്ഷണം, പലചരക്ക്) ഹെൽപ്പ് ലൈൻ നമ്പര്‍ നൽകിയിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. തൊഴിലാളികൾക്ക് താൽക്കാലിക അഭയകേന്ദ്രങ്ങളിൽ തുടരാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിരാശപ്പെടരുതെന്നും നിങ്ങളെ സഹായിക്കാനും നിങ്ങളുടെ സഹായത്തിന് എത്താനും സർക്കാര്‍ ഉണ്ടെന്നും സർക്കാരിന്‍റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രശ്നമുണ്ടെങ്കിൽ ഹെൽപ്പ് ഡെസ്‌കിലേക്ക് വിളിക്കാമെന്നും യെദ്യൂരപ്പ പറഞ്ഞു.