കര്‍ണാടക: കര്‍ണാടക നിയമസഭയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പ സർക്കാരിനുള്ളത്. കര്‍ണാടകയിലെ മുഴുവന്‍ വിമത എംഎല്‍എമാരെയും സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ നിയമസഭയിലെ അംഗസംഖ്യ 207 ആയി ചുരുങ്ങിയതും ബിജെപിക്ക് അനുകൂലമായി. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണക്ക് പുറമേ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദ്യൂരപ്പയെ പിന്തുണച്ചു.
കോണ്‍ഗ്രസിന് 99 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ പുറത്താക്കി വെള്ളിയാഴ്ചയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 16 എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ തിരഞ്ഞതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പുറത്തായത്. അതേ സമയം വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. സ്‌പീക്കര്‍ അയോഗ്യരാക്കിയ ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.