ബംഗളൂരു; മന്ത്രിസഭയില്ലാതെ 23 ദിവസം നീണ്ട മുഖ്യമന്ത്രി ഭരണത്തിന് കർണാടകയില്‍ അവസാനമായി. ബിഎസ് യെദ്യൂരപ്പ സർക്കാരിലെ കാബിനറ്റ് റാങ്കുള്ള മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. 17 കാബിനറ്റ് മന്ത്രിമാരാണ് ഇന്ന് ഗവർണർ വാജുഭായ് വാലയ്ക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന നേതാക്കളായ ഗോവിന്ദ് മകതാപ്പ കരാജോൾ, ഡോ. അശ്വന്ത് നാരായൺ, ലക്ഷ്മൺ സംഗപ്പ സവാദി, കെ.എസ് ഈശ്വരപ്പ, ആർ. അശോക, ജഗദീഷ് ഷെട്ടാർ, ബി ശ്രീരാമലു എന്നിവരാണ് പുതിയ മന്ത്രിസഭയിലെ പ്രമുഖർ. വിമതൻ എച്ച് നാഗേഷിനും മന്ത്രിസ്ഥാനം ലഭിച്ചു.
34 പേരെ മന്ത്രിസഭയില്‍ ഉൾക്കൊള്ളിക്കാമെന്നിരിക്കെ 17 കാബിനറ്റ് മന്ത്രിമാരെ മാത്രം തീരുമാനിച്ചതിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നാണ് കരുതുന്നത്. അതൃപ്തിയുള്ളവരെയും സാമുദായിക പരിഗണന നല്‍കേണ്ടവരെയും അടുത്ത തവണ മന്ത്രിസഭാ വികസനം നടക്കുമ്പോൾ ഉൾക്കൊള്ളിക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നല്‍കുന്ന സൂചന.
കഴിഞ്ഞ ജൂലൈ 26 നാണ് നിയമസഭയില്‍ വിശ്വാസവോട്ട് നേടിയ ശേഷം യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ സാമുദായിക പരിഗണനയും വിമത എംഎല്‍മാരുടെ മന്ത്രിസ്ഥാനവും മന്ത്രിസഭയുണ്ടാക്കുന്നതിന് തിരിച്ചടിയായിരുന്നു. മന്ത്രിസഭാ രൂപീകരണത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ യെദ്യൂരപ്പ ബിജെപി അധ്യക്ഷൻ അമിത് ഷായെ കണ്ടിരുന്നു. ഇതിന് ശേഷമാണ് 17 കാബിനറ്റ് മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാക്കിയത്. പുതിയ മന്ത്രിസഭയില്‍ സാമുദായിക പരിഗണനയ്ക്കൊപ്പം വിമത എംഎല്‍എമാർക്കും പരിഗണന നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷമില്ലാതിരുന്ന കോൺഗ്രസ് - ജനതാദൾ സർക്കാരിനെ അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
നിയമസഭയില്‍ ഭൂരിപക്ഷ അംഗങ്ങളുള്ള വൊക്കലിംഗ സമുദായത്തിന് കൂടുതല്‍ പരിഗണന മന്ത്രിസഭയില്‍ ലഭിക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്. കനത്ത മഴയില്‍ പ്രളയത്തില്‍ മുങ്ങിയ കർണാടകയില്‍ മന്ത്രിസഭയില്ലാത്തത് പ്രളയപുനരധിവാസ പ്രവർത്തനങ്ങളെ ബാധിച്ചതായി കോൺഗ്രസും ജെഡിഎസും ആരോപിച്ചിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് മന്ത്രിസഭാ രൂപീകരണം വേഗത്തിലായത്. .