മഹാരാഷ്ട്രയിൽ അടിപതറിയ ബിജെപിക്ക് കന്നടയിൽ ആശ്വാസം. കലങ്ങി മറിഞ്ഞ കർണാടക രാഷ്ട്രീയത്തിൽ ഒരിക്കൽ കൂടി യെദ്യൂരപ്പ കരുത്ത് തെളിയിച്ചിരിക്കുന്നു. റിസോർട്ട് രാഷ്ട്രീയവും, കുതിര കച്ചവടവും അംഗബലം തീരുമാനിച്ച കർണാടകയിൽ വിധി അന്തിമമെന്ന് ഇനിയും പറയാനാവില്ല.
രാഷ്ട്രീയ കരുനീക്കങ്ങള്‍ ബലാബല പരീക്ഷണം നടത്തുന്ന കന്നട മണ്ണിൽ ചരട് വലികള്‍ ഇനിയും സജീവമായേക്കും. എന്നാൽ രാഷ്ട്രീയ നാടകങ്ങളിൽ സമാന സാഹചര്യം പുലർത്തിയ മഹാരാഷ്ട്രയിൽ അടിപതറിയ ബിജെപിക്ക് പുതിയ നേട്ടം ആശ്വാസകരമാണ്. അവാസാന നിമിഷം ത്രികക്ഷി സംഖ്യത്തെ ഞെട്ടിച്ച് അജിത് പവാറിനെ മുന്നണിയുടെ ഭാഗമാക്കിയ ബിജെപി തന്ത്രം മഹാരാഷ്ട്രയിൽ അടിപതറിയപ്പോള്‍, യെദ്യൂരപ്പയുടെ തന്ത്രങ്ങള്‍ കർണാടകയിൽ വിജയിച്ചു.
2018 മെയ് 15 നാണ് സംസ്ഥാനത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കമാവുന്നത്. 15 ന് കർണാടക നിയമസഭ വിധിയെഴുതിയപ്പോള്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായത് ബിജെപിയായിരുന്നു. എന്നാൽ 113 എന്ന കേവലഭൂരിപക്ഷത്തിലേക്കേത്താൻ പിന്നീട് കണ്ടത് കുതിരക്കച്ചവടവും റിസോർട്ട് രാഷ്‌ട്രീയവും. 113 എന്ന മാന്ത്രിക സംഖ്യ തികയ്ക്കുന്നതിന് മുമ്പ് സർക്കാരുണ്ടാക്കാൻ ബിജെപിയ്ക്ക് ഗവർണറുടെ ക്ഷണം. തുടർന്ന് മുഖ്യമന്ത്രിയായി യെദ്യൂരപ്പയുടെ സത്യപ്രതിഞ ചെയ്തു.
നടപടിയെ ചോദ്യം ചെയ്ത് ജനതാദള്‍ എസും കോണ്‍ഗ്രസും കോടതി കയറിയതോടെ കർണാടക ആടിയുലഞ്ഞു. അർധരാത്രിയോടെ തുടങ്ങിയ വാദത്തിനൊടുവിൽ പിറ്റേന്ന് നാല് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്താൻ കോടതി വിധി. വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ യെദ്യൂരപ്പ പടിയിറങ്ങിയെങ്കിലും ഏവരെയും ഞെട്ടിച്ച് 2019 ജൂലൈ 26 ന് ഭരണപക്ഷത്തെ 17 എംഎൽഎമാരെ രാജിവയ്‌പ്പിച്ച് യെദ്യൂരപ്പ വീണ്ടും അധികാരത്തിൽ തിരിച്ചു കയറി. എന്നാൽ മറുകണ്ടം ചാടിയ 17 പേരെയും സ്പീക്കർ അയോഗ്യരാക്കിയതോടെ കർണാടക വീണ്ടും പോളിങ് ബൂത്തിലേക്കും ജനവിധിയിലേക്കും.
അന്തിമ വിധിയിൽ മഹാരാഷ്ട്രിയം ആവർത്തിക്കാതെ കന്നട ബിജെപിക്ക് ഒപ്പം നിൽക്കുമ്പോള്‍ അണിയറയിൽ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്‍റെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കുമെന്ന് ഉറപ്പാണ് . ഒറ്റ രാത്രിയിൽ അജിത്ത് പവാറിനെ പാളയത്തിൽ എത്തിച്ച ബിജെപി തന്ത്രം രാഷ്ട്രീയത്തിൽ ഏത് കുതിരക്കച്ചവടവും അസാധ്യമല്ലന്ന് തെളിയിക്കുന്നു. അത്കൊണ്ട് തന്നെ ഇനി സംസ്ഥാനം ഉറ്റുനോക്കുന്നത് അധികാരം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്- ജെഡിഎസ് സംഖ്യത്തിന്‍റെ പുതിയ രാഷ്ട്രിയ കരുനീക്കങ്ങള്‍ എന്ത് എന്നു തന്നെയാവും.