ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമത്തെ കുറിച്ച് ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ പ്രസ്താവനയെ അപലപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. അദ്ദേഹത്തിന്‍റെ പ്രസ്താവന ലജ്ജാകരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് പ്രിയങ്ക ഗാന്ധി അക്രമത്തിനെതിരെ രംഗത്തെത്തിയത്. അക്രമത്തിൽ നിന്ന് പിൻമാറണമെന്നും സമാധാനവും ഐക്യവും നിലനിർത്തണമെന്നും പ്രിയങ്ക ഡൽഹിയിലെ എല്ലാ ജനങ്ങളോടും അഭ്യർത്ഥിച്ചു.
വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തിൽ പ്രതിഷേധിക്കുന്നവരെ നീക്കം ചെയ്യുന്നതിന് പൊലീസുകാർക്ക് മൂന്ന് ദിവസത്തെ അന്ത്യശാസനം നൽകിയ മിശ്ര മൂന്ന് ദിവസത്തിന് ശേഷം ആര് പറഞ്ഞാലും ഞങ്ങൾ അടങ്ങിയിരിക്കില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു.
“ബിജെപി നേതാവ് കപിൽ മിശ്ര പറഞ്ഞത് ലജ്ജാകരമാണ്. എന്നാൽ ഇത്രയും ഭയാനകമായ അന്തരീക്ഷം നിലനിൽക്കുമ്പോൾ സർക്കാർ ഒന്നും ചെയ്യാത്തത് കൂടുതൽ ലജ്ജാകരമാണ്,” പ്രിയങ്ക ഗാന്ധി പറഞ്ഞു. നഗരത്തിൽ സമാധാനമുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ കോൺഗ്രസ് പാർട്ടി പ്രവർത്തകരോടും പ്രിയങ്ക ആവശ്യപ്പെട്ടു.