ബെംഗളൂരു: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കർണാടകയുടെ ചുമതലയില്‍ നിന്നൊഴിയുന്നു. കർണാടക ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവുമായിരുന്ന സിദ്ധരാമയ്യ പ്രതിപക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് കെ.സി വേണുഗോപാല്‍ രാജിക്കൊരുങ്ങുന്നത്.
കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കെ.സി വേണുഗോപാല്‍ രാജിക്കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്‌ചയാണ് സിദ്ധരാമയ്യയും കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചത്. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിനാലാണ് വേണുഗോപാൽ രാജിവയ്ക്കാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.