ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസിലെ പ്രതിയായ ജെഎൻയു മുന്‍ വിദ്യാര്‍ഥി ഉമർ ഖാലിദിന്‍റെയും ഗവേഷണ വിദ്യാര്‍ഥി ഷാർജീൽ ഇമാമിന്‍റെയും ജുഡീഷ്യൽ കസ്റ്റഡി നവംബർ 23 വരെ നീട്ടി. വീഡിയോ കോൺഫറൻസിലൂടെയാണ് ഖാലിദിനെയും മറ്റൊരു വിദ്യാർത്ഥി ഷാർജീൽ ഇമാമിനെയും കോടതിയിൽ ഹാജരാക്കിയത്. ജുഡീഷ്യൽ കസ്റ്റഡി മൂന്ന് ദിവസത്തേക്ക് നീട്ടാൻ പൊലീസ് നൽകിയ അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. ഡൽഹി കലാപത്തിന് ഗൂഡാലോചന നടത്തി എന്ന കുറ്റം ആരോപിച്ചാണ് ആക്റ്റിവിസ്റ്റ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ യു.എ.പി.എ പ്രകാരം അറസ്റ്റിലായ മറ്റ് 15 പേരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ഡൽഹി പൊലീസിന്‍റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിലാണ് തലസ്ഥാന നഗരിയിൽ രാജ്യത്തെ നടുക്കിയ വർഗീയ കലാപം അരങ്ങേറിയത്. വടക്കുകിഴക്കൻ ഡല്‍ഹിയിലെ ജാഫ്റാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം സ്ത്രീകൾ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ഫെബ്രുവരി 23ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടർന്നായിരുന്നു കലാപം തുടങ്ങിയത്. സംഭവത്തില്‍ ആകെ 53 പേർ കൊല്ലപ്പെട്ടു. ഇരകളിൽ ഭൂരിപക്ഷവും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. നിരവധി വീടുകളും കടകളും കലാപകാരികൾ അഗ്നിക്കിരയാക്കി. വനിതകളടക്കം നിരവധി നേതാക്കളെയാണ് ഇതിനകം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എന്നാൽ, സമരത്തിൽ സജീവസാന്നിധ്യമായ ഉമർ ഖാലിദിനെ അക്രമവുമായി ബന്ധിപ്പിക്കുന്ന ഒരുതെളിവും സംഘടിപ്പിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ തന്‍റെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി കള്ളമൊഴി ശേഖരിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് ഉമർ ഖാലിദ് നേരത്തെ പൊലീസ് കമ്മീഷണര്‍ക്ക് എഴുതിയ കത്തിൽ പറഞ്ഞിരുന്നു.