ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ നവംബർ 27 ന് റോഡ്ഷോ നടത്തും. ബിജെപി മുതിർന്ന നേതാക്കളായ ഭൂപേന്ദർ യാദവ് വൈ സത്യ കുമാർ, ഗംഗാപുരം കിഷൻ റെഡ്ഡി എന്നിവരും നദ്ദയ്‌ക്കൊപ്പം ഉണ്ടാവും. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി എന്നിവരും വരും ദിവസങ്ങളിലെത്തും.
പാർട്ടി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവിനാണ് ജിഎച്ച്എംസി തെരഞ്ഞെടുപ്പ് ചുമതല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ഉൾപ്പെടെ ബിജെപിയുടെ ഉന്നത നേതാക്കൾ ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനെത്തും.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഫഡ്‌നവിസ് പുറത്തിറക്കി. കുട്ടികൾക്ക് സൗജന്യ ടാബ്‌ലെറ്റുകളും വെർച്വൽ വിദ്യാഭ്യാസ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിന് സൗജന്യ വൈ-ഫൈ സൗകര്യവും പ്രകടന പത്രികയില്‍ ഉൾപ്പെടുന്നു.
ജിഎച്ച്എംസി തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ഡിസംബർ ഒന്നിനും വോട്ടെണ്ണൽ ഡിസംബർ 4 നും നടക്കും.