ലഖ്‌നൗ: ഗാസിയാബാദിലെ വിജയ് നഗറിൽ അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ മാധ്യമപ്രവർത്തകൻ വിക്രം ജോഷി ആശുപത്രിയിൽ മരിച്ചു. ബുള്ളറ്റ് പരിക്ക് മൂലം തലയിലെ ഞരമ്പുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു. ചില ആളുകൾ തന്‍റെ മരുമകളെ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിക്രം ജോഷി വിജയ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് സംഭവം.
അതേസമയം, സംഭവത്തിൽ മാധ്യമപ്രവർത്തകന്‍റെ കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് സ്റ്റേഷൻ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണവം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം നടക്കുകയാണ്.