ന്യൂഡൽഹി: പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) ചെയർമാൻ കശ്‌മീരിലെ മാധ്യമ വിഷയത്തിൽ അപെക്‌സ് കോടതിയിൽ സമർപ്പിച്ച ഇടപെടൽ അപേക്ഷ പിൻവലിക്കണമെന്ന് മാധ്യമ പ്രവർത്തക സമിതികൾ.
ന്യൂഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന യോഗത്തിൽ പ്രസ് അസോസിയേഷൻ, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, എഡിറ്റേഴ്‌സ് ഗിൽഡ്, ഇന്ത്യൻ വിമൻസ് പ്രസ് കോർപസ് എന്നിവയുൾപ്പെടെയുള്ള മാധ്യമ പ്രവർത്തക സമിതികൾ ചേർന്നാണ് പിസിഐ ചെയർമാൻ ജസ്റ്റിസ് ചന്ദ്രമൗലി പ്രസാദ് കുമാറിനെതിരെ പ്രമേയം പാസാക്കിയത്. കശ്‌മീർ താഴ്‌വരയിലെ മാധ്യമങ്ങളെ തടയുന്നതിനെതിരായ ഹർജിക്കെതിരെ അപെക്‌സ് കോടതിയിലാണ് പിസിഐ ചെയർമാൻ ഇടപെടൽ അപേക്ഷ സമർപ്പിച്ചത്.
ജമ്മു കശ്‌മീരിലെ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മാധ്യമങ്ങൾ അവയുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നതാണെന്നും പിസിഐ ചെയർമാന്‍റെ ഏകപക്ഷീയ നടപടി അപലപനീയമാണെന്നും ഇന്ത്യൻ വിമൻസ് പ്രസ് കോർപസ് ജനറൽ സെക്രട്ടറി വിനീത പാണ്ഡെ പറഞ്ഞു.
പിസിഐ ചെയർമാൻ പിസിഐ 28 അംഗ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്നും കേസിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിക്കണമെന്നും മുതിർന്ന പത്രപ്രവർത്തകനായ ഊർമിലേഷ് സിംഗ് പറഞ്ഞു.
കശ്‌മീർ ടൈംസിൻ്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിനാണ് കശ്‌മീരിലെ ആശയവിനിമയത്തിനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.