ഭോപ്പാൽ: തലസ്ഥാന നഗരിയിൽ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഭോപ്പാലിൽ മൊത്തം 91 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പുതുതായി രോഗം കണ്ടെത്തിയവരിൽ വാർത്താ ചാനലിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. മുമ്പ് കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നായിരിക്കാം ഇയാൾക്ക് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നാണ് നിഗമനം. തലസ്ഥാനത്തെ 91 രോഗികളിൽ ഒരാൾ മരിച്ചിട്ടുണ്ട്. രണ്ടുപേർക്ക് രോഗം ഭേദമായി.
മധ്യപ്രദേശിൽ കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയവരിൽ 45 ഓളം പേർ ആരോഗ്യ പ്രവർത്തകരും 12 പേർ പൊലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളുമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഭോപ്പാൽ, ഇൻഡോർ പ്രദേശങ്ങളുടെ അതിർത്തികൾ പൂർണമായും അടയ്‌ക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതൽ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാലാണിത്. ഇൻഡോറിൽ 173 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്യുകയും 16 പേർ മരിക്കുകയും ചെയ്‌തു.