റായ്‌പൂര്‍: ഛത്തീസ്‌ഗഢ് പ്രഥമ മുഖ്യമന്ത്രി അജിത് ജോഗിയുടെ സംസ്‌കാരം ശനിയാഴ്ച സ്വന്തം ജില്ലയായ ഗൗരേല-പെന്ദ്ര-മർവാഹിയിൽ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജൻമനാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരം. അജിത് ജോഗിയോടുള്ള ആദര സൂചകമായി സംസ്ഥാന സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍, കാബിനറ്റ് മന്ത്രിമാര്‍, ബിജെപി മുതിര്‍ന്ന നേതാവ് രമൺ സിങ് തുടങ്ങിയവര്‍ വെള്ളിയാഴ്ച വൈകുന്നേരം കതോറ തലാബിലെ ജോഗിയുടെ ഔദ്യോഗിക വസതിയായ സാഗോൺ ബംഗ്ലോയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ജോഗിയുടെ ഭാര്യ എംഎൽഎ രേണു ജോഗിയും മകൻ അമിത് ജോഗിയുമായി ഭൂപേഷ് ബാഗെല്‍ സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്‌തു. അജിത് ജോഗിയുടെ നഷ്‌ടം സംസ്ഥാനത്തിന് നികത്താനാകാത്തതാണെന്നും പ്രതികൂല സാഹചര്യങ്ങളില്‍ പോലും ശക്തമായി പോരാടിയ നേതാവായിരുന്നു അദ്ദേഹമെന്നും ബാഗെല്‍ പറഞ്ഞു. ഒരു മികച്ച വിദ്യാർഥി, വിദഗ്‌ധനായൊരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നല്ലൊരു രാഷ്ട്രീയക്കാരൻ എന്നിങ്ങനെ മൂന്ന് തലങ്ങളായി വിശേഷിപ്പിക്കാവുന്നതാണ് ജോഗിയുടെ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവർണർ അനുസൂയ ഉയികി, കൃഷി മന്ത്രി രവീന്ദ്ര ചൗബി, ആഭ്യന്തരമന്ത്രി തമ്രദ്വാജ് സാഹു, വനം മന്ത്രി മുഹമ്മദ് അക്ബർ, സംസ്ഥാന ബിജെപി മേധാവി വിക്രം യുസെൻഡി, ജെസിസി (ജെ) എംഎൽഎ ധർമജീത് സിങ് തുടങ്ങി നിരവധി നേതാക്കൾ ജോഗിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3.30ഓടെയാണ് അജിത് ജോഗി മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 20 ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു.