ന്യൂഡൽഹി: ജെഎൻയു 40 വർഷത്തിനുശേഷം ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി. അതേസമയം അറ്റകുറ്റ ചെലവുകൾക്കായാണ് ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചതെന്നാണ് ജെഎൻയുവിന്‍റെ ഭാഗത്തു നിന്നുള്ള വിശദീകരണമെന്നും പൊക്രിയാല്‍ കൂട്ടിച്ചേർത്തു. ഫീസ് വർധനവിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകിട്ട് ജെഎൻയു വിദ്യാർത്ഥികൾ കാമ്പസിനുള്ളിൽ ടോർച്ചുമായി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഹോസ്റ്റൽ മാനുവൽ, ഫീസ് വർധനവ് എന്നിവ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
ജെഎൻയുവിന്‍റെ നാലംഗ സമിതി നവംബർ 29 ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ പ്രതിനിധി സംഘത്തെ സന്ദർശിച്ചിരുന്നു . വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പണിമുടക്ക് പിൻവലിക്കില്ലെന്ന് യൂണിയൻ പ്രസിഡന്‍റ് അറിയിച്ചിട്ടുണ്ട് . ഹോസ്റ്റൽ ഫീസ് വർധനയ്‌ക്കെതിരെ പണിമുടക്ക് തുടങ്ങിയതുമുതൽ വിദ്യാർഥികൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.