റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. 24 ജില്ല ആസ്ഥാനങ്ങളിലും ഇന്ന് രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണൽ ആരംഭിക്കും. നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളിലായി 81 സീറ്റുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ക്രമീകരണങ്ങൾ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആദ്യ ഫലം ഉച്ചയ്ക്ക് ഒരു മണിയോടെ പുറത്തുവരും.
പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജാർഖണ്ഡിലെ ഫലം ബിജെപിക്കും പ്രതിപക്ഷത്തിനും ഏറെ നിർണായകമാണ്. കോൺഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം (ജെ.എം.എം), രാഷ്ട്രീയ ജനതാദൾ(ആര്‍.ജെ.ഡി) എന്നിവർ നേതൃത്വം നൽകുന്ന മഹാസഖ്യവും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം. മഹാസഖ്യത്തിന് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായാല്‍ ജാര്‍ഖണ്ഡില്‍ ബിജെപിക്ക് അധികാരത്തുടര്‍ച്ചയുണ്ടാകില്ല. 81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭയിൽ നിലവിൽ ബിജെപിക്ക് 42 എംഎൽഎമാരാണുണ്ടായിരുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു.