ന്യൂഡൽഹി: ജാർഖണ്ഡ് സർക്കാർ അഴിമതിയിൽ വ്യാപൃതരാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ഹേമന്ദ് സോറന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് വികസന പ്രവർത്തനങ്ങളിൽ താൽപര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം ജാർഖണ്ഡിന്‍റെ ക്രമ സമാധാനം ഈ സർക്കാരിന്‍റെ കീഴിൽ തകർന്നിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു ജെ.പി നദ്ദ.
ഹേമന്ദ് സോറന്‍ സർക്കാർ തികഞ്ഞ പരാജയമാണെന്നും ഈ സർക്കാരിന്‍റെ കാലത്ത് നക്സലിസം വീണ്ടും ശക്തി പ്രാപിക്കുകയാണെന്നും ഇത് ദുർബലമായ ഒരു സർക്കാരിന്‍റെ അടയാളമാണെന്നും നദ്ദ പറഞ്ഞു. കൊവിഡ് പ്രതിരോധ രംഗത്ത് രാജ്യത്തെ മുന്നിൽ നിന്ന് നയിക്കുന്ന സർക്കാരാണ് മോദി സർക്കാരെന്നും അദ്ദേഹത്തിന്‍റെ പോരാട്ടം ഓരോ പാർട്ടി പ്രവർത്തകന്‍റെയും അഭിമാനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.