റാഞ്ചി: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സിപി സിംഗ് 1800 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ റാഞ്ചിയില്‍ നിന്നും വിജയിച്ചു. ജെഎംഎമ്മിന്‍റെ മഹ്വാ മാഞ്ചിയെ പരാജയപ്പെടുത്തിയാണ് സിപി സിങ് വിജയിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ രഘുബര്‍ ദാസ് തോല്‍വിയിലേക്ക്. സ്വതന്ത്ര സ്ഥാനാര്‍ഥി സരയു റായി 7484 വോട്ടുകൾക്ക് മുന്നിട്ട് നില്‍ക്കുകയാണ്.
ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യം കേവഭൂരിപക്ഷത്തിന് വേണ്ട മാജിക് നമ്പറായ 41 കടന്നു. 81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ഒടുവിലത്തെ ഫലപ്രകാരം 43 സീറ്റുകളില്‍ മഹാസഖ്യവും, 27 സീറ്റുകളില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ ആറ് സീറ്റുകളില്‍ ഒതുങ്ങിയ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 11 സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയ്യുന്നത്. 23 സീറ്റില്‍ മഹാസഖ്യത്തിലെ അംഗമായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ലീഡ് ചെയ്യുകയാണ്. അഞ്ച് സീറ്റുകള്‍ നേടി ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡി അപ്രതീക്ഷ മുന്നേറ്റമാണ് കാഴ്‌ച വയ്‌ക്കുന്നത്. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പിലെ അവസാന മൂന്ന് ഘട്ടങ്ങള്‍ നടന്നത്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് ബിജെപിക്കും പ്രതിപക്ഷത്തിനും ഒരു പോലെ നിര്‍ണായകമാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായിരുന്നു.