എത്യോപ്യൻ എയർലൈൻസിന്‍റെ ബോയിംഗ് വിമാനം തകർന്ന് 157 പേർ മരിച്ചതിന് പിന്നാലെയാണ് ബോയിംഗ് കമ്പനിയോട് ഇന്ത്യ വിശദീകരണം തേടിയത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ജെറ്റ് എയർവെയ്സും സ്പൈസ് ജെറ്റുമാണ് ഇന്ത്യയിൽ ബോയിംഗ് വിമാനങ്ങൾ ഉപയോഗിക്കുന്നത്. ബോയിംഗ് 737 മാക്സ് 8 മോഡലിലുള്ള പതിമൂന്ന് വിമാനങ്ങളാണ് ജെറ്റ് എയർവെയ്സിനുള്ളത്.
ചുരുങ്ങിയ കാലാവധിക്കുള്ളിൽ രണ്ടാമത്തെ തവണയാണ് ബോയിംഗ് വിമാനം ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്. ഒക്ടോബറിൽ ജക്കാർത്തയിൽ വച്ചുണ്ടായ വിമാനപകടത്തിൽ 189 പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിമാനങ്ങളിലൊന്നു കൂടിയാണ് ബോയിംഗ് 737 മാക്സ് 8 മോഡൽ. 352ലധികം വിമാനങ്ങളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. 5000 വിമാനങ്ങൾക്ക് ആവശ്യക്കാർ ഓർഡറും നൽകിയിട്ടുണ്ട്.
737 മാക്സ് 8 മോഡലിലെ ചില സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നത് സംബന്ധിച്ചുള്ള സോഫ്റ്റ് വെയറുകളെപ്പറ്റി എയർലൈൻസുകൾക്ക് കൃത്യമായ വിവരം നൽകാത്തതിന് ബോയിംഗിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.