ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ കാർ ബോംബ് ആക്രമണം ആസൂത്രണം ചെയ്തതിൽ ജയ്ഷെ മുഹമ്മദിന് (ജെഎം) പ്രധാന പങ്കുണ്ടെന്ന് സുരക്ഷാ സേന. ജയ്ഷെ മുഹമ്മദിൽ പെട്ട തീവ്രവാദി ആക്രമണം നടത്താൻ പോകുന്നുവെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദീൻ തീവ്രവാദിയായ ആദിൽ (ഐഇഡി വഹിച്ച കാറിന്‍റെ ഉടമസ്ഥൻ) ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
വാഹനത്തിൽ 45 കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കൾ ഉണ്ടായിരുന്നു. സുരക്ഷാ സേനയുടെ വാഹനങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു ലക്ഷ്യം. 2019 ൽ പുൽവാമയിൽ ഉണ്ടായ കാർ ബോംബ് ആക്രമണത്തിന് സമാനമായ രീതിയിലുള്ള ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് വിജയ് കുമാർ പറഞ്ഞു. ജയ്ഷെ മുഹമ്മദും ഹിസ്ബുൾ മുജാഹിദീനും ചേർന്നാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് പുൽവാമ പൊലീസിന് വിവരം ലഭിക്കുന്നുണ്ടെന്ന് കുമാർ വ്യക്തമാക്കി. ആക്രമണത്തിന് സാൻട്രോ കാറാണ് ഉപയയോഗിച്ചത്. സംശയം തോന്നിയ കാർ തടഞ്ഞെങ്കിലും തീവ്രവാദി രക്ഷപ്പെട്ടു. പിന്നീട് കാർ പിടിച്ചെടുത്ത സുരക്ഷാ സേന ആക്രമണത്തെ വിജയകരമായി തടഞ്ഞു.