ന്യൂഡൽഹി: പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്‌മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഉടൻ തന്നെ കേന്ദ്ര വ്യാവസായിക സുരക്ഷാ സേന പരിരക്ഷ ഏർപ്പെടുത്തും. പ്രദേശത്തെ മൂന്ന് വിമാനത്താവളങ്ങൾക്കുമായി എണ്ണൂറോളം പേരെ കേന്ദ്രം അനുവദിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിമാനത്താവളം അടുത്ത മാസം തന്നെ സിആർപിഎഫ് കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയ്ക്ക് കൈമാറുമെന്നും റിപ്പോർട്ടുണ്ട്.
ജോയിന്‍റ് കമാൻഡും വിവിധ സുരക്ഷ-രഹസ്യാന്വേഷണ ഏജൻസികളുടെ നിയന്ത്രണവുമാണ് ജമ്മു കശ്‌മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തുക. വിമാനത്താവളങ്ങൾ സിഐഎസ്എഫ് ഏറ്റെടുക്കുന്നതിന് മുമ്പ് ബാരക്കുകൾ, കൺട്രോൾ റൂമുകൾ, വാച്ച് ടവറുകൾ, എക്‌സ്-റേ സ്‌കാനറുകള്‍, റോഡ് ബ്ലോക്കുകൾ എന്നിവ പുതുതായി നിർമിക്കുകയോ പുതുക്കുകയോ ചെയ്യുമെന്നും വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ജമ്മു കശ്‌മീര്‍ പൊലീസാണ് ഈ വിമാനത്താവളങ്ങളിൽ സുരക്ഷ ഒരുക്കുന്നത്.