ശ്രീനഗർ: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മസൂദിന്‍റെ മരണത്തോടെ ദോഡ ജില്ല ഭീകര വിമുക്തമായെന്ന് പൊലീസ്. അനന്ത്നാഗ് ജില്ലയിലെ ഖുൽചോഹർ പ്രദേശത്ത് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. രണ്ട് ലഷ്കർ ഇ ത്വയ്ബ (എൽഇടി) തീവ്രവാദികളും മസൂദുമാണ് കൊല്ലപ്പെട്ടത്. ദോഡ ജില്ലയിൽ അവസാനമായി നിലനിന്നിരുന്ന തീവ്രവാദിയാണ് മസൂദ്. അതിനാൽ തന്നെ ഇയാളുടെ മരണത്തോടെ ജമ്മു സോണിലെ ദോഡ ജില്ല വീണ്ടും ഭീകര വിമുക്തമായെന്ന് ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു.
മസൂദ് ബലാത്സംഗക്കേസില്‍ ഉള്‍പ്പെടുകയും ഒളിവില്‍ പോവുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പിന്നീട് ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്ന ഇയാള്‍ കശ്മീരിലേക്ക് പ്രവര്‍ത്തനം മാറ്റി. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്നും എകെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. സംയുക്ത പ്രവർത്തനം പുരോഗമിക്കുകയാണെന്ന് കരസേന ഉദ്യോഗസ്ഥർ പറഞ്ഞു.