റാഞ്ചി: ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ കുൽദീപ് കുമാർ ഒറാന്‍റെ രക്തസാക്ഷിത്വത്തിൽ ദുഃഖവും അഭിമാനവുമുണ്ടെന്ന് പിതാവ് ഘൻശ്യാം ഒറാൻ. ശ്രീനഗറിലെ മാൽബാഗ് പ്രദേശത്ത് ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്. ജാർഖണ്ഡ് സ്വദേശിയായ കുൽദീപ് കുമാർ ഒറാൻ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെ 118 ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിളായിരുന്നു. വിരമിച്ച സി.ആർ.പി.എഫ് ജവാനായ ഘൻശ്യാം ഒറാന്‍റെ ഇളയ മകനാണ് കുൽദീപ് കുമാർ ഒറാൻ. ഇന്നലെ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച് സിആർപിഎഫ് ജവാന്മാർ തന്നെ അറിയിച്ചിരുന്നുവെന്നും കുൽദീപ് കുമാർ ഒറാന്‍റെ പിതാവ് പറഞ്ഞു.
കുൽദീപിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകൾ ശ്രീനഗറിൽ നടക്കും. മൂന്ന് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊലീസും സുരക്ഷാ സേനയും ശ്രീനഗറിൽ തെരച്ചിൽ നടത്തിയത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ നടന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിതെന്ന് ജമ്മു കശ്‌മീർ പൊലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞു.