ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ മെസിയാസ് ബോള്‍സോനാരോയുമായി കൂടിക്കാഴ്ച നടത്തി. എണ്ണ, വാതകം, ഖനനം, സൈബര്‍ സുരക്ഷ തുടങ്ങി വിവിധ മേലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് 15 കരാറുകളില്‍ ഒപ്പുവെക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുമായും വിശദമായ ചര്‍ച്ച നടത്താനാണ് തീരുമാനം.
മകൾ ലോറ ബോൾസോനാരോ, മരുമകൾ ലെറ്റീഷ്യ ഫിർമോ, എട്ട് മന്ത്രിമാർ, ബ്രസീൽ പാർലമെന്‍റിലെ നാല് അംഗങ്ങൾ, ബിസിനസ്സ് പ്രതിനിധി സംഘം എന്നിവരോടൊപ്പമാണ് ബ്രസീല്‍ പ്രസിഡന്‍റ് ഇന്നലെ ഇന്ത്യയിലെത്തിയത്. വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലടക്കം ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള വഴികള്‍ ബോള്‍സോനാരോയുമായുള്ള ചര്‍ച്ചയുടെ ഭാഗമായി. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണ് ബ്രസീല്‍ പ്രസിഡന്‍റ് ഇന്ത്യയിലെത്തിയത്. പ്രസിഡന്‍റ് ബോൾസോനാരോയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബ്രസീലുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാണ്. 1.8 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയുള്ള 210 ദശലക്ഷം ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീല്‍. 2018-19 വര്‍ഷത്തിൽ ഉഭയകക്ഷി വ്യാപാരത്തിന്‍റെ അളവ് 8.2 ബില്യൺ ഡോളറായിരുന്നു. 3.8 ബില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന ബ്രസീലിലേക്കുള്ള കയറ്റുമതിയും 4.4 ദശലക്ഷം യുഎസ് ഡോളറും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.
ഉഭയകക്ഷി വ്യാപാരം കൂടുതൽ ഉയർത്താൻ വലിയ സാധ്യതയുണ്ടെന്നാണ് ഇരു രാജ്യങ്ങളുടേയും കണക്കുകൂട്ടല്‍. അസംസ്കൃത എണ്ണ, സ്വർണം, സസ്യ എണ്ണ, പഞ്ചസാര, അയിരുകൾ എന്നിവയാണ് ബ്രസീലിയൻ കയറ്റുമതി. കാർഷിക രാസവസ്തുക്കൾ, സിന്തറ്റിക് നൂലുകൾ, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയും ബ്രസീലിലേക്കുള്ള പ്രധാന ഇന്ത്യൻ കയറ്റുമതിയിൽ ഉൾപ്പെടുന്നു.
ബ്രസീലിലെ ഇന്ത്യൻ നിക്ഷേപം ഏകദേശം 6 ബില്ല്യൺ യുഎസ് ഡോളറും ഇന്ത്യയിൽ ബ്രസീലിയൻ നിക്ഷേപം 2018 ൽ ഒരു ബില്യൺ യുഎസ് ഡോളറുമാണ്.