പാട്ന(ബിഹാർ): കോൺഗ്രസിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. ആർട്ടിക്കിൾ 370 റദ്ദാക്കാൻ കോൺഗ്രസിന് നിരവധി അവസരങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതിനുള്ള ധൈര്യം മോദി സർക്കാരാണ് കാണിച്ചത് എന്നും ജെ.പി നദ്ദ പറഞ്ഞു. കോൺഗ്രസിന് നിരവധി തവണ ഭൂരിപക്ഷ സർക്കാർ ലഭിച്ചു. ജവഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി എന്നിവർക്ക് രണ്ടുതവണ ഭൂരിപക്ഷം ലഭിച്ചു. രാജീവ് ഗാന്ധി ഒരു തവണ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി എങ്കിലും ആർട്ടിക്കിൾ 370 റദ്ദാക്കാൻ അവർക്ക് കഴിഞ്ഞില്ല എന്ന് നദ്ദ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ മെയ് മാസത്തിൽ 303 എംപിമാരുമായി അധികാരത്തിൽ എത്തുകയും ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ ജനങ്ങൾ വളരെ സന്തുഷ്ടരാണ് എന്ന് ജെ പി നദ്ദ പറഞ്ഞു. സംസ്ഥാനത്തെ 11 പുതിയ ജില്ലാ പാർട്ടി ഓഫീസുകൾ ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കവെയാണ് ജെ പി നദ്ദയുടെ പരാമർശം.
ബിജെപി പാർട്ടി ഓഫീസ് ഇല്ലാതെ രാജ്യത്തെ ഒരു ജില്ലയും തുടരരുതെന്ന് മുൻ പാർട്ടി പ്രസിഡന്‍റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ മുൻപ് പറഞ്ഞിന്നു. 590 പാർട്ടി ഓഫീസുകൾക്കുള്ള ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 487 ഓഫീസുകൾ ഇതിനകം തന്നെ വന്നിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ബിഹാർ മാറിയിട്ടുണ്ട് എന്നും നവംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ വരുന്നതിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും നദ്ദ കൂട്ടിച്ചേർത്തു.