ജറുസലേം : പാർലമെന്‍റില്‍ കൂടുതൽ സ്വവർഗ്ഗാനുരാഗികളായ എംപിമാരെ നിയമിച്ച് ഇസ്രയേൽ. ഇതിന്‍റെ ഭാഗമായി ആറ് എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ടവർ ഇസ്രായേലിൽ എംപിമാരായി നിയമിക്കപ്പെടും.മന്ത്രിസഭാംഗങ്ങൾക്ക് സീറ്റുകൾ ഉപേക്ഷിക്കാൻ അനുവദിക്കുന്ന പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് ഒഴിവിൽ വന്ന സീറ്റിലേക്കാണ് ഇവർ നിയമിതരാകുന്നത്. അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന എൽജിബിടിക്യുവിലെ അംഗമായ യോരായ് ലഹവ്-ഹെർട്സാനോ ആറാമത്തെ സ്വവർഗ്ഗാനുരാഗിയായ എംപിയാകും. പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റിസിന്‍റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയിൽ നിന്നുള്ള ഒരു എംപി രാജി വെച്ച് ഒഴിഞ്ഞ സ്ഥാനത്താണ് പുതിയ എംപി നിയമിതനാകുന്നത്.
അഞ്ച് പാർട്ടികളിൽ നിന്നുള്ള ആറ് സ്വവർഗ്ഗാനുരാഗികളായ എംപിമാർ 120 സീറ്റുകളുള്ള പാർലമെന്‍റിലോ നെസെറ്റിലോ സേവനം അനുഷ്ഠിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇസ്രയേൽ സ്വവർഗ്ഗാനുരാഗിയെ മന്ത്രിയായി നിയമിച്ചിരുന്നു. സമൂഹത്തിലെ ചില യാഥാസ്ഥിതിക വിഭാഗങ്ങളുടെ എതിർപ്പ് അവഗണിച്ച് എൽജിബിടിക്യു വിഭാഗത്തോട് ഏറ്റവും പുരോഗമന മനോഭാവമാണ് ഇസ്രായേൽ വച്ചുപുലർത്തുന്നത്. ദത്തെടുക്കൽ, സ്വവർഗ അനുരാഗം, സൈന്യത്തിൽ സേവനമനുഷ്ഠിക്കൽ എന്നിവക്ക് 1993 മുതൽ ഇവിടെ അനുവാദമുണ്ട്.