ജയ്പൂർ: രാജസ്ഥാനിൽ ഐപിഎൽ വാതുവെപ്പ് നടത്തിയതിന് നാല് പേരെ ജയ്പൂർ പൊലീസ് അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് നാല് കോടി 19 ലക്ഷം രൂപ പിടിച്ചെടുത്തു. റാക്കറ്റിൽ ഉൾപ്പെട്ടവർ ചേർന്ന് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഇതുവഴി ഓൺലൈൻ സൈറ്റിന്‍റെ ഐഡിയും പാസ്‌വേഡുകളും അയയ്‌ക്കുകയും വാതുവയ്പ്പ് ഇടപാടുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും.പൊലീസ് പിടികൂടിയ നാലുപേരും ക്ഷേത്രങ്ങളുടെ പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു. വിവിധ ക്ഷേത്രങ്ങളുടെ പേരിൽ നിർമിച്ച 30ലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ കണ്ടെത്തി. ഈ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ആളുകൾക്ക് ഓൺലൈൻ വാതുവെപ്പിനായി വ്യാജ ഐഡികളും പാസ്‌വേഡുകളും നൽകിയത്.
ദുബായിൽ നിന്നാണ് ഈ റാക്കറ്റ് പ്രവർത്തിക്കുന്നതെന്നും വ്യത്യസ്ത വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിച്ച് ഐപിഎൽ മത്സരങ്ങളിൽ ഓൺലൈൻ വാതുവെപ്പിൽ ആളുകളെ പങ്കെടുപ്പിക്കുന്നതെന്നുമാണ് റിപ്പോർട്ട്. വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിച്ച് താൽപ്പര്യമുള്ളവരെ സർക്കിളിലേക്ക് ചേർത്തു. തുടർന്ന് ഓൺലൈൻ വെബ്‌സൈറ്റ് വഴി, ഐഡിയും പാസ്‌വേഡുകളും ഉപയോഗിച്ച് വാതുവയ്പ്പ് നടക്കുന്നു. മുഴുവൻ പ്രവർത്തനവും പൊലീസിന്‍റെ പിടിയിൽ നിന്ന് അകറ്റി നിർത്തുന്നതിന്, പണമിടപാടുകൾ കോഡ് വേഡ് ഉപയോഗിച്ചാണ് നടത്തിയത്.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഡയമണ്ട് എക്സ്ചേഞ്ച് വെബ്‌സൈറ്റ് വഴി ദുബായിൽ നിന്ന് ഓൺലൈൻ ഐഡി പാസ്‌വേഡുകൾ സൃഷ്ടിക്കുന്ന രാകേഷ് എന്ന വ്യക്തിയാണ് ഈ ശൃംഖലയുടെ സൂത്രധാരൻ എന്ന് പ്രതികളിൽ നിന്നുള്ള പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.